ടിക്കറ്റ് മെഷീൻ ടെൻഡർ: ഗതാഗത മന്ത്രിക്ക് ഹൈകോടതിയുെട വിമർശനം
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ജി.പി.ആർ.എസ് സൗകര്യമുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ (ഇ.ടി.എം) വാങ്ങാനുള്ള ടെൻഡറിൽ സ്വകാര്യകമ്പനിക്ക് അനുകൂല നിർദേശം നൽകിയതിന് ഗതാഗതമന്ത്രിയെ വിമർശിച്ച് ഹൈകോടതി. കമ്പനിയെ ടെൻഡറിൽ പങ്കെടുപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചത് എന്ത് താൽപര്യത്തിെൻറ അടിസ്ഥാനത്തിലാണെന്ന സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. ടിക്കറ്റിങ് മെഷീനുകൾ വാങ്ങാനുള്ള ടെൻഡറിൽ പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് ബംഗളൂരു ആസ്ഥാനമായ മൈക്രോ എഫ്.എക്സ് കമ്പനി നൽകിയ ഹരജിയിലാണ് കോടതി വിമർശനം.
2003 മുതൽ ഇ.ടി.എം രംഗത്തുള്ള തങ്ങൾ അറുപതിനായിരത്തോളം മെഷീനുകൾ വിപണനം ചെയ്തിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സിക്ക് മാത്രം 5400 എണ്ണം നൽകിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. 2018 ഡിസംബർ 21 നാണ് കെ.എസ്.ആർ.ടി.സി ജി.പി.ആർ.എസ്, ആർ.എഫ്.െഎ.ഡി, ബ്ലൂടൂത്ത് സൗകര്യമുള്ള ഇ.ടി.എം വിതരണത്തിന് ടെൻഡർ ക്ഷണിച്ചത്. ഇന്ത്യയിൽ 10 കോടി വാർഷിക വിറ്റുവരവുള്ളതും രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകൾക്ക് മൂന്നുവർഷമായി 3000 ജി.പി.ആർ.എസ് സൗകര്യത്തോടെ ഇ.ടി.എം വിതരണം നടത്തിയവരായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ടെൻഡർ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് 2019 ജനുവരി 16നാണ്. മൂന്നുവർഷത്തെ വിതരണപരിചയം ഇതിൽ അഞ്ചുവർഷം എന്നാക്കുകയും ചെയ്തു.
ഇത്തരമൊരു വ്യവസ്ഥ അനാവശ്യവും തങ്ങളെ ഒഴിവാക്കാനുമാണെന്നാണ് ഹരജിക്കാരുടെ വാദം. വ്യവസ്ഥ നിയമവിരുദ്ധവും സ്വേച്ഛാപരവുമായതിനാൽ റദ്ദാക്കണമെന്നും നടപടി പുനരാരംഭിക്കാൻ ഉത്തരവിടണമെന്നുമാണ് ആവശ്യം. ഹരജി പരിഗണിക്കുന്നതിനിടെ മന്ത്രിയുടെ നിർദേശം സംബന്ധിച്ച ഭാഗം പരാമർശിച്ചാണ് കോടതി വിമർശനമുന്നയിച്ചത്. ഹരജിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാറിനോട് നിർദേശിച്ച കോടതി ടെൻഡർ നടപടികൾ ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.