കെടുകാര്യസ്ഥതയിൽ മുങ്ങി കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: തട്ടിപ്പിനെച്ചൊല്ലി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും ജീവനക്കാരും തമ്മിലെ തർക്കം വിവാദമാകുേമ്പാൾ പുറത്തുവരുന്നത് കോർപറേഷനിലെ കെടുകാര്യസ്ഥത. തച്ചങ്കരി അന്വേഷിച്ചിട്ടും വെളിച്ചത്ത് വരാത്ത വെട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് ബിജു പ്രഭാകർ ജീവനക്കാരെ നേരിടുന്നത്. മാനേജ്മെൻറിെൻറ പിടിപ്പുകേട് തുറന്നുകാട്ടി ജീവനക്കാർ ഇതിനെ പ്രതിരോധിക്കാനും ശ്രമിക്കുകയാണ്.
കെ.ടി.ഡി.എഫ്.സിയുടെയും കെ.എസ്.ആർ.ടി.സിയുടെയും പണമിടപാടുകൾ പരിശോധിക്കുേമ്പാൾ 40 മുതൽ 60 കോടി രൂപയുടെ വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് ഡി.ജി.പി ടോമിൻ തച്ചങ്കരി കോർപറേഷൻ എം.ഡിയായിരിക്കെ കണ്ടെത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയലുകളിൽനിന്ന് 30 പേജുകൾ നഷ്ടപ്പെട്ടിരുന്നു. ശ്രീകുമാർ അക്കൗണ്ട്സ് മാനേജർ ആയിരുന്നപ്പോഴാണ് ഇൗ ക്രമക്കേടുകൾ നടന്നത്. ദൈനംദിന ഇടപാടുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അദ്ദേഹം നിർദേശിച്ചു. അന്നത്തെ ഗതാഗത സെക്രട്ടറി ജ്യോതിലാൽ അടക്കമുള്ളവർ ഇതിനെ അനുകൂലിച്ചില്ല. കാണാതായ പണം മുംബൈയിലെ അക്കൗണ്ടിലേക്ക് പോയെന്ന് തിരിച്ചറിഞ്ഞിരുന്നു. നിയമപ്രകാരം പൊലീസിൽ പരാതി നൽകേണ്ടതായിരുെന്നങ്കിലും ഒന്നും സംഭവിച്ചില്ല.
അതേസമയം, ബിജു പ്രഭാകർ വന്നശേഷം സർവിസുകൾ ശരിയായ വിധത്തിൽ ഓടിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. കോവിഡിനുമുമ്പ് 4800 ഓളം ബസുകളാണ് സർവിസ് നടത്തിയിരുന്നത്. ഇതിൽ 225 ടൗൺ ടു ടൗണും 520 ലിമിറ്റഡ് സ്റ്റോപ് ഓർഡിനറിയും ഉൾപ്പെടെ 3232 എണ്ണം ഓർഡിനറിയായിരുന്നു. 1156 ഫാസ്റ്റ്, 284 സൂപ്പർ ഫാസ്റ്റ്, 27 എക്സ്പ്രസ്, 62 ഡീലക്സ്, 16 വോൾവോ എന്നിങ്ങനെയായിരുന്നു മറ്റ് ബസുകളുടെ എണ്ണം. 2020 ജനുവരി വരെ ഇതായിരുന്നു സ്ഥിതി.
എന്നാൽ, ഇപ്പോൾ ശരാശരി 2000 ഓർഡിനറികളും 600 ഫാസ്റ്റുകളും 170 സൂപ്പർ ഫാസ്റ്റ്, 15 എക്സ്പ്രസ്, 45 ഡീലക്സ് എന്നിവയും മാത്രമാണ് ഓടുന്നത്. 16 വോൾവോകളുടെ സ്ഥാനത്ത് നാലെണ്ണമാണ് നിരത്തിലിറങ്ങിയത്. മകരവിളക്കിന് തൊട്ടടുത്ത ദിവസമായ ജനുവരി 15നുപോലും 1950 ഓർഡിനറി, 630 ഫാസ്റ്റ്, 200 സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെയാണ് സർവിസ് നടത്തിയത്. ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, വോൾവോ എന്നിവയെല്ലാം ചേർന്ന് 100 ബസുകളും അന്ന് നിരത്തിലിറങ്ങിയെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നേരേത്ത ഓടിക്കൊണ്ടിരുന്നവയിൽ 2000 ബസുകളോളം സർവിസ് നടത്താതെ കിടക്കുകയാണ്. കോർപറേഷനിൽ 9000 ജീവനക്കാർ കൂടുതലാണെന്ന് എം.ഡി പറയുേമ്പാഴാണ് ഈ അവസ്ഥ.
'ബിജു പ്രഭാകർ മാപ്പു പറയണം'
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികളെ മുഴുവൻ കള്ളന്മാരും മോശക്കാരും ആക്കിയ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ പ്രസ്താവന പിൻവലിച്ച് തൊഴിലാളികളോടും കേരള സമൂഹത്തോടും മാപ്പുപറയണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജു പ്രഭാകറിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സംസ്ഥാന ഭാരവാഹികളായ ശിഹാബ് കുഴിമണ്ണ, കബീർ പുന്നല, റഫീഖ് പിലാക്കൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.