അന്തർസംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സിയുടെ ‘പൂഴിക്കടകൻ’; സ്വകാര്യബസുകളെ നേരിടാൻ സ്വകാര്യബസുകൾ
text_fieldsതിരുവനന്തപുരം: അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യബസുകളുടെ കടന്നുകയറ്റം ചെറുക്കാൻ സ്വകാര്യബസുകളെതന്നെ രംഗത്തിറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിൽ രാത്രികാല സർവിസ് നടത്തുന്ന കോൺട്രാക്ട് കാര്യേജുകളുമായി കരാറിലെത്തി വരുമാനം പങ്കുവെക്കും വിധം സ്വിഫ്റ്റിന് കീഴിൽ സർവിസ് നടത്താനാണ് ആലോചന. ഇതിനായി സ്വിഫ്റ്റ് ടെൻഡർ ക്ഷണിച്ചു. നേരത്തേ സ്വകാര്യ ബസുകൾ വാടകക്കെടുത്ത് സർവിസ് നടത്തിയിരുന്നെങ്കിലും നഷ്ടമാണെന്ന് കണ്ട് ഈ രീതി ഉപേക്ഷിച്ചിരുന്നു.
കരാറിലെത്തുന്ന ബസുകളുടെ ടിക്കറ്റ് റിസർവേഷൻ സ്വിഫ്റ്റ് വഴിയായിരിക്കും. ബസും ജീവനക്കാരും കമ്പനി നൽകണം. ധാരണപ്രകാരം വരുമാനം ഒരോ ട്രിപ്പു കഴിയുമ്പോഴും പങ്കുവെക്കും. ഇത്തരം ബസുകൾക്ക് കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോകൾ ഉപയോഗപ്പെടുത്താനാകും. യാത്രക്കാരെ സംബന്ധിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിൽ യാത്രക്കാര്‍ക്ക് കൂടുതല്‍ ബസുകള്‍ റൂട്ടിൽ ലഭിക്കും. നിലവിൽ തിരക്ക് കൂടുന്ന ഉത്സവസീസണുകളിൽ ഫ്ലക്സി നിരക്കിൽ യാത്രക്കാരെ പിഴിയുന്ന പ്രവണതക്ക് ഇത് ഒരു പരിധിവരെ തടയിടുമെന്നതാണ് മറ്റൊരു ഗുണം. 250 ഓളം സ്വകാര്യബസുകള്‍ സംസ്ഥാനത്തിനുള്ളില്നിന്ന് ദിവസവും ഇതര സംസ്ഥാനങ്ങളിലേക്ക് ഓടുന്നുണ്ട്. ഈ ബസുകളെ കൂടി ഉൾപ്പെടുത്തുന്നതോടെ മുതല്‍മുടക്കില്ലാതെ വാടക ലഭിക്കുമെന്നതിനാലാണ് കെ.എസ്.ആർ.ടി.സിക്ക് നേട്ടമാവുക.
സ്വിഫ്റ്റിന് കീഴിലെ ഇത്തരം കോൺട്രാക്ട് കാര്യേജ് ഓപറേഷന് നിയമതടസ്സം ഒഴിവാക്കുന്നതിന് കർണാടകയും തമിഴ്നാടുമായി കരാറുണ്ടാക്കും. നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്ക് എത്ര കിലോമീറ്റർ സഞ്ചരിക്കുന്നുവോ അത്രയും ദൂരം തമിഴ്നാട് ബസുകൾക്ക് കേരളത്തിൽ ഓടാം. താരതമ്യേന ഭൂവിസ്തൃതി കുറഞ്ഞ കേരളത്തിൽ ഈ രീതിയിലുള്ള കരാർ നഷ്ടമാണ്. മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ അവരുടെ നിരക്ക് മാത്രമേ കെ.എസ്.ആർ.ടി.സിക്കും ഈടാക്കാന്‍ കഴിയുകയുള്ളൂ.
ഈ സാഹചര്യത്തിൽ കിലോമീറ്റർ സൂചിപ്പിക്കാതെ ‘ഇങ്ങോട്ടേക്കുള്ള ബസിന് പകരം അങ്ങോട്ടേക്ക് ഒരു ബസ്’ എന്ന വ്യവസ്ഥയിലാകും സർവിസ്. കോൺട്രാക്ട് കാര്യേജുകളെ സംബന്ധിച്ച് രണ്ട് ആർ.ടി.സികളുടെ സംരക്ഷണയും കിട്ടും. പാർസല്‍ സർവിസാണ് ഈ ബസുകളിൽനിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു വരുമാനം. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ടെൻഡറിന് മികച്ച പ്രതികരണമാണെന്നും ആദ്യഘട്ടത്തിൽ 50 ബസുകൾ നിരത്തിലേക്കെത്തുമെന്നാണ് സൂചന. ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നവരുമായി കരാറില്‍ ഏര്‍പ്പെടാനാണ് നീക്കം.
10 ലക്ഷം മലയാളികളുള്ള ബംഗളൂരുവിലേക്ക് സംസ്ഥാനത്തുനിന്നും ഒമ്പത് ട്രെയിനുകള്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്തുനിന്ന് 16 മണിക്കൂറാണ് യാത്രസമയം. അവധി കഴിഞ്ഞെത്തുന്ന ദിവസങ്ങളില്‍ അരലക്ഷത്തോളം യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.