കെ.എസ്.ആർ.ടി.സി ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാത്തതിനെതിരെ ഹരജി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം വൈകുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. അന്വേഷണത്തിന് സർക്കാർ മുൻകൂർ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടി പരാതിക്കാരനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫാണ് ഹരജി നൽകിയത്.
കെ.എസ്.ആർ.ടി.സിയുടെ സ്വത്തുക്കൾ ഉദ്യോഗസ്ഥർ അപഹരിക്കുന്നെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ 2020 ആഗസ്റ്റിൽ വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഹൈകോടതിയെ സമീപിച്ചപ്പോൾ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും ഇതിനായി സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നുമായിരുന്നു വിജിലൻസ് ഡയറക്ടറുടെ വിശദീകരണം. ഇത് രേഖപ്പെടുത്തി 2020 നവംബർ നാലിന് ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, മുൻകൂർ അനുമതി നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അന്വേഷണം വൈകാൻ ഇത് ഇടയാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.