കെ.എസ്.ആർ.ടി.സിക്ക് താൽപര്യമില്ല; ഇല്ലാതായത് 1084 ഷെഡ്യൂളുകൾ
text_fieldsതിരുവനന്തപുരം: ദീർഘദൂര ബസുകൾ ഓപറേറ്റ് ചെയ്യുന്നതിന് സ്വതന്ത്ര കമ്പനിയായി സ്വിഫ്റ്റ് രൂപവത്കരിച്ചിട്ടും കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂളുകൾ വ്യാപകമായി കുറയുന്നെന്ന് കണക്കുകൾ. 2016 ഏപ്രിൽ 5809 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2025 ജനുവരിയിൽ ഇത് 4725 ആയി ചുരുങ്ങി. ഇക്കാലയളവിനിടെ, 1084 ഷെഡ്യൂളുകൾ വെട്ടിക്കുറക്കുകയോ ഇല്ലാതാവുകയോ ചെയ്തു. യാത്രാവശ്യകത വർധിച്ച കാലത്തും പൊതുനിരത്തുകളിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കിലോമീറ്ററിന് 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാനാണ് ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി അധികൃതരുടെ നിർദേശം. ഇതോടെ, ഗ്രാമീണമേഖലയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്ന ഷെഡ്യൂളുകളിൽ ഭൂരിഭാഗവും ഇല്ലാതായി. ഈ മേഖലകളിലെ യാത്രാക്ലേശത്തിന്റെ മറവിൽ പകരം സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാനാണ് നീക്കം. കെ.എസ്.ആർ.ടി.സിക്ക് 1000 ഷെഡ്യൂളുകൾ കുറയുന്ന ഘട്ടത്തിൽ, സംസ്ഥാന വ്യാപകമായി 1000 സ്വകാര്യ പെർമിറ്റുകൾക്ക് അനുമതി നൽകുന്നെന്നതാണ് ശ്രദ്ധേയം. കെ.എസ്.ആർ.ടി.സി കടുത്ത പ്രതിസന്ധിയിൽ കഴിയുമ്പോഴും സ്വകാര്യമേഖലക്ക് റൂട്ടുകൾ കൈമാറാനുള്ള നീക്കം ഗതാഗത വകുപ്പിൽ തകൃതിയാണ്. ഇതിനകം എല്ലാ ജില്ലകളിലും സ്വകാര്യബസുകൾക്ക് നൽകാനായി റൂട്ടുകളും തയാറായിക്കഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങുന്നതിലും വലിയ കുറവുണ്ടായി. 2011 മുതൽ 2016 വരെ കാലത്ത് ആകെ 2578 ബസുകളാണ് കെ.എസ്.ആർ.ടി.സിക്ക് പുതുതായി ലഭിച്ചത്. എന്നാൽ, 2016ന് ശേഷമുള്ള കഴിഞ്ഞ എട്ടുവർഷത്തിനിടെ വാങ്ങിയത് 982 ബസുകളാണ്. രണ്ടും മൂന്നും ബസുകളിൽ കയറേണ്ട യാത്രക്കാർ ഒരു ബസിൽ കയറാൻ നിർബന്ധിതരാകും. മതിയായ പരിരക്ഷയില്ലാത്തതിനെ തുടർന്ന് കോവിഡ് കാലത്ത് നിർത്തിയിട്ടിരുന്ന 1736 ബസുകളിൽ 1047 എണ്ണവും ഉപയോഗിക്കാനാകാതെ ആക്രിവിലക്ക് തൂക്കിവിറ്റിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി കെ.എസ്.ആർ.ടി.സിക്കുണ്ടായത്. ശേഷിച്ച 689 വാഹനങ്ങൾ തിരികെ റോഡിലെത്തിച്ചെങ്കിലും 12,000 രൂപ മുതൽ 30,000 രൂപ വരെ ഓരോ ബസിലും അധികമായി ചെലവഴിക്കേണ്ടി വന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.