'സ്വന്തമായി കൊറിയർ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഉണ്ട്'; കടുത്ത ആരോപണവുമായി ബിജു പ്രഭാകർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കടുത്ത ആരോപണവുമായി എം.ഡി ബിജു പ്രഭാകർ. സ്വന്തമായി കൊറിയർ സർവിസ് നടത്തുന്ന ഡ്രൈവർമാർ ഉണ്ട്. അവർക്കാണ് കെ സ്വിഫ്റ്റ് വന്നതിൽ വലിയ വിഷമം. സ്വിഫ്റ്റ് ബസ് കൊണ്ട് നഷ്ടം സംഭവിക്കുന്നത് സ്ഥിരമായി മാഹിയിൽനിന്നു മദ്യം കടത്തുന്നവർക്കും നാഗർകോവിലിൽനിന്ന് അരി കടത്തുന്നവർക്കുമൊക്കെയാണ് -ബിജു പ്രഭാകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
നടപടിയെടുത്താൽ ഒരു പണിയും ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തിയാൽ നഷ്ടം ആർക്കാണെന്ന് ജീവനക്കാർ ചിന്തിക്കണം. വണ്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന ഷോ ഓഫിൽ താൻ വീണുപോയി. പണ്ടുണ്ടായിരുന്ന രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നും എം.ഡി മുന്നറിയിപ്പ് നൽകി.
തൊഴിലാളി യൂണിയനുകൾക്കെതിരെയും ബിജു പ്രഭാകർ വിമർശനമുന്നയിച്ചു. പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലിൽ കളയുന്നതാണ് സർവിസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്ത് പുരോഗമനപരമായി പറഞ്ഞാലും അതിനെ ചിലർ കോടതിയിൽ ചോദ്യം ചെയ്യും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുകയെന്നത് സംസ്ഥാന സർക്കാരിന്‍റെ നയമാണ്. സ്ഥലം വിറ്റ് കടം തീർക്കുക എന്നുള്ള നിർദേശത്തോടു മാത്രമാണ് എതിർപ്പുള്ളത്. ഉൽപാദന ക്ഷമത വർധിപ്പിക്കുകയാണ് കെഎസ്ആർടിസി ലാഭകരമാക്കാനുള്ള മാർഗം. കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ ഇറക്കിയാൽ മാത്രം ഇതു നടപ്പാകില്ല. ജീവനക്കാരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തണം. 1243 പേർ പ്രതിമാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല –ബിജു പ്രഭാകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.