ഒഴിവാക്കണമെന്നഭ്യർഥിച്ച് കത്ത് നൽകിയതിനു പിന്നാലെ കെ.എസ്.ആർ.ടി.സി സി.എം.ഡി അവധിയിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നഭ്യർഥിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെ, ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17 വരെയാണ് അവധി. ആന്റണി രാജു മന്ത്രി സ്ഥാനത്തുനിന്ന് മാറി കെ.ബി. ഗണേഷ്കുമാർ എത്തിയതോടെ സി.എം.ഡി പദവിയിൽനിന്ന് ബിജു മാറുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവിസുകളടക്കം പരിഷ്കാരങ്ങളിൽ ആൻറണി രാജുവും ബിജു പ്രഭാകറും യോജിപ്പിലായിരുന്നു. ഇലക്ട്രിക് ബസുകൾ വ്യാപിപ്പിക്കണമെന്ന നിലപാടിലും ഏകാഭിപ്രായമാണുണ്ടായിരുന്നത്. ഗണേഷ് കുമാർ മന്ത്രിയായ ഉടൻ ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നും പ്രഖ്യാപിച്ചത് വലിയ വിവാദമായി. നിലവിലെ സാഹചര്യത്തിൽ ഗതാഗതവകുപ്പിൽനിന്ന് മാറി മറ്റേതെങ്കിലും ചുമതലകളിലേക്ക് പോകാനാണ് ബിജു പ്രഭാകർ ആഗ്രഹിക്കുന്നത്.
ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലും അദ്ദേഹം ഇപ്പോഴത്തെ ചുമതലയിൽ തുടരാനുള്ള ബുദ്ധിമുട്ടുകൾ വിശദീകരിച്ചിട്ടുണ്ട്. കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പകരം സി.എം.ഡിയായി ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. മിക്ക ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർക്കും താൽപര്യക്കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.