കെ.എസ്.ആർ.ടി.സി: സിംഗിൾ ഡ്യൂട്ടിയിൽ ഉറച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി നിലപാടിൽ ഉറച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഇത് നടപ്പാക്കാതെ മാസംതോറും കൃത്യമായി ശമ്പളം നല്‍കാനാകില്ല. ശമ്പള പരിഷ്കരണം നടപ്പാക്കുന്ന സമയത്ത് ഉണ്ടാക്കിയ കരാറില്‍ സമ്മതിച്ച കാര്യമാണ് ഇപ്പോള്‍ അംഗീകരിക്കില്ലെന്ന് ട്രേഡ് യൂനിയനുകള്‍ നിലപാടെടുക്കുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കകം കൃത്യമായി ശമ്പളം നല്‍കുമെന്നും എം. വിന്‍സെന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി നല്കി.
12 പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിലപാടാണോ ഇടതുസര്ക്കാറിനെന്ന് പ്രതിപക്ഷം ചോദിച്ചു. സുശീല്‍ഖന്ന റിപ്പോര്‍ട്ട് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ ഇട്ടാലേ കെ.എസ്.ആര്.ടി.സി രക്ഷപ്പെടുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പെന്ഷന് 70 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും രണ്ടുമാസത്തെ പെന്ഷന് കുടിശ്ശിക നൽകിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഈ ആഴ്ചതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. സിംഗിള്‍ ഡ്യൂട്ടിയില്‍ 12 മണിക്കൂര്‍ പണിയെടുക്കണമെന്ന് പറയുന്നത് ശരിയല്ല. അതിൽ നാലുമണിക്കൂര്‍ വിശ്രമമാണ്. ആ സമയത്തിനും വേതനം വേണമെന്ന് പറയുന്നതാണ് പ്രശ്നം. ഇപ്പോള്‍ ചെയ്യാത്ത ഡ്യൂട്ടിക്ക് ഓവര്‍ടൈം വാങ്ങുന്നു. അത് ഒഴിവാക്കിയാലേ കോര്പറേഷന് രക്ഷപ്പെടൂ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കിയാൽ ഇപ്പോള്‍ ഓടാതെ കിടക്കുന്ന ബസുകള്‍ ഓടും. കൃത്യമായി ശമ്പളവും നല്‍കാനാകും.
പ്രതിമാസം 192.78 കോടി രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ വരുമാനം. ചെലവ് 289.32 കോടി രൂപയാണ്. പ്രതിമാസം 96.65 കോടിയുടെ കുറവാണുള്ളത്. അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.വരുമാനവും സര്‍ക്കാര്‍ സഹായവും വർധിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമാണെന്ന് എം. വിൻസെന്റ് ചൂണ്ടിക്കാട്ടി. കെ.എസ്.ആര്.ടി.സിയില്‍ പറയുന്ന തൊഴില്‍ നിയമങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ബാധകമാണോയെന്ന് വ്യവസായ, തൊഴില്‍ മന്ത്രിമാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. രണ്ടുലക്ഷം കോടിക്ക് കെ-റെയില്‍ കൊണ്ടുവരുമെന്ന് പറയുന്ന സർക്കാർ 1000 കോടി രൂപ നല്കിയാല്തന്നെ കെ.എസ്.ആര്.ടി.സി രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.