മലബാറിൽ 10 റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ സർവിസുകൾ
text_fieldsതിരുവനന്തപുരം: മലബാറിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിെൻറ ഭാഗമായി 10 റൂട്ടുകളിൽ പുതിയ സർവിസുകൾ ആരംഭിക്കാൻ മാനേജ്മെൻറ് തീരുമാനം. വരുമാനം വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. ഇക്കൊല്ലം പുതുതായി ലഭിക്കുന്ന 205 ബസുകളിൽ നല്ലൊരു വിഹിതം മലബാർ സർവിസുകൾക്കായി നീക്കിവെക്കും. തൃശൂർ-പാലക്കാട്, പാലക്കാട്-കോഴിക്കോട്, കൊടുങ്ങല്ലൂർ-തൃശൂർ-ഒറ്റപ്പാലം, വടകര-തൊട്ടിൽപ്പാലം, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കാസർകോട്, കോഴിക്കോട്-മാനന്തവാടി, കോഴിക്കോട്-സുൽത്താൻ ബത്തേരി, സുൽത്താൻ ബത്തേരി-മാനന്തവാടി തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സർവിസുകൾ ഏർപ്പെടുത്തുന്നത്.
തൃശൂർ-പാലക്കാട് റൂട്ടിൽ പുതിയ ചെയിൻ സർവിസുകൾ ആരംഭിക്കും. കോഴിക്കോട്-മാനന്തവാടി റൂട്ടിൽ നിലവിൽ 12 പോയൻറ് ടു പോയൻറ് സർവിസുകളാണുള്ളത്. ചെയിൻസർവിസുകളുടെ സ്വഭാവത്തിൽ ഇവ പുനഃക്രമീകരിക്കുന്നതിന് എട്ടു പുതിയ ബസുകൾ കൂടി ഇൗ റൂട്ടിൽ അനുവദിക്കും. വടക്കൻ കേരളത്തിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് സോണൽ തലത്തിൽ സാധ്യതാപഠനം നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ സർവിസുകൾ തുടങ്ങുന്നത്.
കെ.എസ്.ആർ.ടി.സിയുടെ അഞ്ച് സോണുകളിൽ ഏറ്റവും കുറവ് ബസുകളുള്ളത് തൃശൂർ, കോഴിക്കോട് സോണുകളിലാണ്. മൊത്തം ബസുകളുടെ 20 ശതമാനം വീതം മാത്രമാണ് ഇരുസോണിലുമുള്ളത്. അതായത് തൃശൂരിൽ 676 ഉം കോഴിക്കോട്ട് 755 ഉം ഷെഡ്യൂളുകൾ. തിരുവനന്തപുരം സോണിൽ 70 ശതമാനവും (1481 ഷെഡ്യൂളുകൾ) കൊല്ലത്ത് 40 ശതമാനവും (1300 ഷെഡ്യൂളുകൾ) എറണാകുളത്ത് 30 ശതമാനവുമാണ് (117 ഷെഡ്യൂളുകൾ) മറ്റ് േസാണുകളിലെ ബസ് വിഹിതം.
മലബാർ റൂട്ടുകളിൽ സ്വകാര്യബസുകൾക്കാണ് ആധിപത്യം. ഇവിടെ കെ.എസ്.ആർ.ടി.സിക്ക് യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെങ്കിലും മതിയായ ബസുകളില്ലാത്തതാണ് തടസ്സമായിരുന്നത്. കൂടുതൽ ബസുകളെത്തുന്നതോടെ സ്ഥിതി മാറും. ഇതോടൊപ്പം കർണാടകയിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കാനും തീരുമാനമുണ്ട്. കർണാടകയുമായുള്ള കരാർ പ്രകാരം 73 റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സിക്ക് സർവിസ് നടത്താൻ അനുമതിയുള്ളത്. ബസുകളില്ലാത്തതിനാൽ ഇവയിൽ പലതിലും സർവിസ് നടത്താനായിരുന്നില്ല. അനുമതിയുള്ള റൂട്ടുകളിൽ പൂർണമായി സർവിസ് തുടങ്ങുന്നതോടെ മലബാർ മേഖലക്കിത് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.