റിസർവേഷൻ സൈറ്റ് മാറ്റം പരസ്യപ്പെടുത്താതെ കെ.എസ്.ആർ.ടി.സി; യാത്രക്കാർ കുറയുന്നു
text_fieldsകോഴിക്കോട്: ടിക്കറ്റ് റിസർവേഷൻ വെബ്സൈറ്റ് മാറ്റം കെ.എസ്.ആർ.ടി.സി പൊതുജനങ്ങളെ കൃത്യമായി അറിയിക്കുന്നില്ലെന്ന് പരാതി. ഇതു കാരണം ബസുകളിൽ റിസർവ് യാത്രക്കാരുടെ എണ്ണം കുറയുന്നതായും ജീവനക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകളിലേക്ക് സ്വിഫ്റ്റ് ബസുകൾ വന്നതോടെ രണ്ടു തവണ റിസർവേഷൻ സൈറ്റിൽ മാറ്റം വരുത്തി.
എന്നാൽ, ഇതുസംബന്ധിച്ച് കൃത്യമായ അറിയിപ്പ് ജനങ്ങൾക്ക് നൽകിയിട്ടില്ല. ഈ മാസം അഞ്ചു മുതൽ കെ.എസ്.ആർ.ടി.സി, സ്വിഫ്റ്റ് ബുക്കിങ് onlineksrtcswift.com എന്ന സൈറ്റിലേക്ക് മാറ്റുകയാണ്. ഇതുസംബന്ധിച്ച് വകുപ്പുതല അറിയിപ്പ് ലഭിച്ചതല്ലാതെ പൊതുജനങ്ങൾക്ക് അറിയിപ്പൊന്നും നൽകിയിട്ടില്ല. യാത്രക്കാർ ദിവസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുമെന്നിരിക്കെയാണ് കെ.എസ്.ആർ.ടി.സി ബുക്കിങ് സൈറ്റ് മാറ്റം പരസ്യപ്പെടുത്താതിരിക്കുന്നത്.
നേരത്തേയും സൈറ്റ് മാറ്റം കൃത്യമായി പരസ്യപ്പെടുത്തിയിരുന്നില്ല. ഇക്കഴിഞ്ഞ മേയ് ഒന്നു മുതൽ കെ.എസ്.ആർ.ടി.സി ബുക്കിങ്ങും സ്വിഫ്റ്റ് ബുക്കിങ്ങും രണ്ടു സൈറ്റുകളിലേക്കു മാറിയിരുന്നു. Enteksrtc എന്ന ആപ് മാറ്റി Enteksrtcneo oprs എന്ന് പുതിയ ആപ്പിലേക്ക് ബുക്കിങ് മാറ്റിയപ്പോഴും ജനങ്ങളെ അറിയിച്ചില്ല. നേരത്തേ സ്വിഫ്റ്റ്, സ്കാനിയ തുടങ്ങിയ ബസുകളിൽ മുഴുവൻ സീറ്റുകളിലേക്കും ആളുകൾ സീറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഈയിടെയായി ബുക്കിങ് കുറഞ്ഞതായി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുകയും ആസ്തികൾ വിറ്റഴിക്കുകയും ചെയ്യുന്ന മാനേജ്മെന്റ് സൈറ്റ് മാറ്റം യാത്രക്കാരെ യഥാസമയം അറിയിക്കാത്തത് ഏറെ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.