കെ.എസ്.ആർ.ടി.സി: ഭാഗിക ശമ്പള വിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: ഓവര്‍ഡ്രാഫ്റ്റെടുത്ത 50 കോടി രൂപ ഉപയോഗിച്ച് ഭാഗിക ശമ്പള വിതരണം ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ്. വെള്ളിയാഴ്ച രാത്രിയോടെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഇതിന് 55 കോടി രൂപയാണ് വേണ്ടത്.
കടമെടുത്ത തുകക്ക് പുറമെ പ്രതിദിന വരുമാനം കൂടി എടുത്താകും ശമ്പള വിതരണം. 30 കോടി കൂടി സമാഹരിച്ചാലേ മറ്റ് വിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കാന്‍ കഴിയൂ. ഇത്തവണ സര്‍ക്കാര്‍ വിഹിതമായി 30 കോടിയാണ് ലഭിച്ചത്. അധിക സാമ്പത്തിക സഹായമായി 35 കോടി കൂടി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ആറുമാസത്തിനകം പ്രശ്നം പൂർണമായി പരിഹരിക്കാനായേക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
പ്രതിമാസം 70 കോടിയലധികം രൂപയാണ് പെൻഷന് മാത്രമായി നൽകിവരുന്നത്. ഈ മാസം മാത്രം 100 കോടി സർക്കാർ തന്നു. കഴിഞ്ഞ മാസം 120 കോടി രൂപയാണ് നൽകിയത്. പ്രതിസന്ധികൾ ഉണ്ടെങ്കിലും സ്ഥായിയായ പരിഹാരത്തിനായി ശ്രമം നടത്തിവരികയാണ്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനും തീരുമാനമുണ്ട്. കലക്ഷൻ വർധിക്കുന്നതിലൂടെ സർക്കാർ സഹായം കുറക്കാൻ കഴിയുന്നുണ്ട്. തൊഴിലാളി യൂനിയനുകളുമായി ജൂൺ 27ന് ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.