കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്കരണം: ആശയക്കുഴപ്പം, വീണ്ടും ചർച്ച
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്കരണ ചർച്ച പൂർത്തിയാക്കി കരാർ ഒപ്പിടൽ മാത്രം ശേഷിക്കെ യൂനിയനുകളെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് ഗതാഗത മന്ത്രി യൂനിയനുകളുടെ യോഗം വിളിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകളിൽ യൂനിയനുകളുടെ എതിർപ്പ് മൂലം ഉപേക്ഷിച്ച വ്യവസ്ഥകളും അംഗീകരിക്കാത്ത വിഷയങ്ങളും ശമ്പളപരിഷ്കരണ കരാറിന്റെ കരടിൽ ഉൾപ്പെട്ടതോടെ പ്രതിഷേധമുയർന്നു. ഫലത്തിൽ 2021 ഡിസംബർ 31ന് ഒപ്പിടുമെന്നു തീരുമാനിച്ച കരാറിൽ പുതുവർഷമായിട്ടും അനിശ്ചിതത്വവും ആശയക്കുഴപ്പവും നിറയുകയാണ്.
മാസം 20 ഡ്യൂട്ടിയുള്ളവർക്കേ ശമ്പളം നൽകൂ എന്ന കരട് വ്യവസ്ഥ എതിർപ്പിനിടയാക്കിയിട്ടുണ്ട്. 18 ദിവസം ജോലിയെടുത്തയാളിന് രോഗമോ അപകടമോ മൂലം തുടർദിവസങ്ങളിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ ആ മാസത്തെ ശമ്പളം നഷ്ടപ്പെടും. നിലവിൽ മറ്റ് ഓഫുകൾ ഉൾപ്പെടുത്തി ഡ്യൂട്ടി ക്രമീകരിക്കുകയാണ് ചെയ്യുന്നത്.
കണ്ടക്ടർമാരടക്കം ജൂനിയറായ ജീവനക്കാരെ പെട്രോൾ പമ്പുകളിലേക്ക് ആവശ്യമെങ്കിൽ നിർബന്ധിത സ്വഭാവത്തിൽ നിയമിക്കാമെന്ന് കരടിൽ പറയുന്നു. നിലവിൽ താൽപര്യമുള്ളവരെയാണ് ഈ ഡ്യൂട്ടിയിലേക്ക് മാറ്റുന്നത്. ഈ 'താത്പര്യം തേടൽ' പരിഗണിക്കാതെ പി.എസ്.സി വഴി കണ്ടക്ടർമാരായി എത്തിയവരെ പമ്പുകളിൽ നിയമിക്കാനാണു നീക്കമെന്ന് യൂനിയനുകൾ ആരോപിക്കുന്നു.
ആശ്രിത നിയമനത്തിനു പകരം കോമ്പൻസേഷൻ നൽകാനുള്ള നീക്കമാണ് മറ്റൊന്ന്. ഡിപ്പോകളുടെ എണ്ണം കുറക്കുന്നത് സർവിസ് ചുരുങ്ങാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ, ഭരണപരമായ ചെലവ് കുറക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നാണ് മാനേജ്മെന്റ് വിശദീകരണം.
പെൻഷനിൽ വിചിത്രവാദം
പതിവിൽനിന്ന് വ്യത്യസ്തമായി പെൻഷൻകാരെ പരിഗണിക്കാതെ ശമ്പളപരിഷ്കരണം. ധന, സഹകരണ വകുപ്പുകളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുകയും ശമ്പളപരിഷ്കരണകരാറിന്റെ ഭാഗമാക്കുകയും ചെയ്യുമെന്നാണു കരടിലുള്ളത്. സഹകരണ വകുപ്പിന് പെൻഷൻ വിതരണത്തിൽ ഒരു പങ്കുമില്ല. സർക്കാറിന്റെ കൈവശം പണമില്ലാത്തതിനാൽ സഹകരണ കൺസോർട്യത്തിൽനിന്ന് വായ്പയെടുക്കുകയും പിന്നീട് സർക്കാർതന്നെ അടക്കുകയുമാണ് ചെയ്യുന്നത്. കടംതരുന്ന ആളുകളുമായി ചർച്ചചെയ്ത് പെൻഷൻ കാര്യം തീരുമാനിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് പെൻഷൻകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.