കെ.എസ്.ആർ.ടി.സി; ആദ്യം ജീവനക്കാർക്ക് ശമ്പളം കൊടുക്കൂ -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് കൊടുക്കാതെ മേലുദ്യോഗസ്ഥർക്ക് ശമ്പളം നൽകരുതെന്ന് ഹൈകോടതി. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും എത്ര ഉയർന്ന റാങ്കിലുള്ളവരായാലും അതിന് ശേഷം മാത്രമേ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഇതു പാലിക്കണം. ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എസ്.ആർ. ടി.സി ചെയർമാന് സർക്കാറാണ് ശമ്പളം നൽകുന്നത്. ഇങ്ങനെ തുടർന്നാൽ ചെയർമാന്റെ ശമ്പളവും തടയേണ്ടിവരുമെന്നും അതേക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആർ. ബാജി ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജികൾ വീണ്ടും ജൂൺ 21ന് പരിഗണിക്കാൻ മാറ്റി.
കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ ഭാവിയിലൊന്നും മെച്ചപ്പെടുമെന്ന് തോന്നുന്നില്ലെന്ന് കോടതി വിലയിരുത്തി. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. അടുത്തയാഴ്ച വിശദീകരണം നൽകാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് വാഹനങ്ങളും വസ്തുവകകളുമുണ്ടെങ്കിലും ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള ബാധ്യത ആശങ്കയുണ്ടാക്കുന്നു. വർഷങ്ങളായി ബാധ്യത കൂടിവരികയാണ്. ഇക്കാര്യത്തിൽ എന്തു ചെയ്യാനാവുമെന്ന് സർക്കാർ തീരുമാനിക്കണം. ജീവനക്കാരുടെ നിസ്സഹകരണമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി. സേവന മേഖലയെന്ന നിലയിൽ ജീവനക്കാർക്ക് യൂനിയനുണ്ടാക്കാനും അവകാശങ്ങൾക്കായി വാദിക്കാനും കഴിയുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.
ഇങ്ങനെ പോയാൽ കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ് അസാധ്യമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സമഗ്ര പരിഹാരത്തിനായി വാഹനങ്ങളും വസ്തുവകകളുമടക്കമുള്ള സ്വത്തു വിവരങ്ങളും ബാങ്ക് വായ്പകൾ സംബന്ധിച്ച വിവരങ്ങളുമടക്കം അറിയിക്കണം. സ്ഥാപനത്തെ കാര്യക്ഷമമാക്കാൻ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാനാണെന്നും അന്വേഷണത്തിനല്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.