കെ.എസ്.ആർ.ടി.സി പെൻഷൻ ഫെബ്രുവരി 20 മുതൽ നൽകും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ കുടിശ്ശിക 20 മുതൽ വിതരണം ചെയ്യാൻ തീരുമാനം. സഹകരണബാങ്കുകളുടെ കൺസോർട്യം വഴിയുള്ള പെൻഷൻ വിതരണം 28ന് പൂർത്തിയാക്കാനും ധാരണയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബജറ്റ് വിഹിതമായി കെ.എസ്.ആർ.ടിക്ക് അനുവദിച്ച 1000 കോടിയിൽനിന്നാണ് കൺസോർട്യം വായ്പ തിരിച്ചടക്കുക. 10 ശതമാനം പലിശ നിരക്കിൽ ആറ് മാസത്തേക്കാണ് സഹകരണസ്ഥാപനങ്ങൾ പണം നൽകുന്നത്.
കൺസോർട്യം രൂപവത്കരണത്തിന് മുന്നോടിയായി പെൻഷൻ പദ്ധതിക്ക് സന്നദ്ധത അറിയിച്ച സഹകരണബാങ്ക് പ്രതിധിധികളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ദർബാർ ഹാളിൽ ചേർന്നിരുന്നു. പലിശയും തിരിച്ചടവും സംബന്ധിച്ച കാര്യത്തിൽ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും സർക്കാർ ഗ്യാരണ്ടിയുെണ്ടന്നും യാതൊരു സംശയവും വേണ്ടെന്നും മന്ത്രി മറുപടി നൽകി. സംസ്ഥാന സഹകരണബാങ്കിനെ കണ്‍സോർട്യം ലീഡറാക്കി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 223 സഹകരണസംഘങ്ങളാണ് സ്വയം സന്നദ്ധമായി മുന്നോട്ടുവന്നത്. 832 കോടി രൂപയാണ് ഇവരുടെ വാഗ്ദാനം. ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ നാല് ജില്ലകളിലെ 24 സംഘങ്ങളില്‍നിന്ന് മാത്രം പണം സമാഹരിക്കാനാണ് തീരുമാനം. 250 കോടി രൂപയാണ് കണ്‍സോർട്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്.
കുടിശ്ശികയും ആറ് മാസത്തേക്കുള്ള പെൻഷനുമായി 584 കോടി രൂപ മതിയാകും. പത്ത് ശതമാനം പലിശനിരക്കിൽ ലഭിക്കുന്ന 21.7 കോടിയടക്കം 605.70 കോടി രൂപയാണ് സഹകരണ കൺസോർട്യത്തിന് തിരികെ ലഭിക്കുക. 39045 പെൻഷൻകാർക്കായി 219.69 കോടി രൂപയാണ് ആദ്യഘട്ട വായ്പയായി നൽകുന്നത്. ഇത് 701 സഹകരണസംഘങ്ങൾ വഴിയാണ് വിതരണം ചെയ്യുക. ആദ്യ ഗഡുവിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് 12266 പെൻഷൻകാരുള്ള തിരുവനന്തപുരം ജില്ലയിലാണ്. കുടിശ്ശികയടക്കം 70.31 കോടി രൂപയാണ് ഇവിടെ വേണ്ടിവരിക. പെന്‍ഷന്‍തുക നേരത്തേ ലഭിച്ചിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.