കെ.എസ്.ആർ.ടി.സി; സർവിസ് വെട്ടിക്കുറക്കലിന് പിന്നിൽ 'ആസൂത്രിത പ്രതിസന്ധി'
text_fieldsതിരുവനന്തപുരം: ജനത്തെ പെരുവഴിയിലാക്കിയുള്ള കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറക്കലിന് പിന്നിൽ ആസൂത്രിത പ്രതിസന്ധി സൃഷ്ടിക്കൽ. കെ.എസ്.ആർ.ടി.സിയുടെ തന്നെ രേഖകൾ പ്രകാരം ജൂലൈയിലെ വരവും ചെലവും കഴിഞ്ഞ് 4.40 കോടി രൂപ മിച്ചമുണ്ട്. ആഗസ്റ്റ് അഞ്ച് വരെയുള്ള പ്രതിദിന കലക്ഷൻ 26.22 കോടിയാണ്. ജൂണിലെ നാല് കോടിയും ചേർത്ത് 30.62 കോടി കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലുണ്ട്. നിലവിൽ 13 കോടിയാണ് ഇന്ധന കമ്പനികൾക്കുള്ള കുടിശ്ശിക.
വസ്തുത ഇതായിരിക്കെയാണ് ഡീസലിന് പണമില്ലെന്ന് കാട്ടി സർവിസുകൾ വ്യാപകമായി വെട്ടിക്കുറക്കാൻ ഡിപ്പോകൾക്ക് മാനേജ്മെന്‍റ് നിർദേശം നൽകിയത്. വെള്ളിയാഴ്ച 50 ശതമാനം ഓർഡിനറി ബസുകളാണ് നിർത്തിയിട്ടത്. ശനിയാഴ്ച 30 ശതമാനം മാത്രമാണ് ഓടിയതും. ഫലത്തിൽ സ്വന്തമായി വാഹനമില്ലാത്തവരും കെ.എസ്.ആർ.ടി.സി ഏക യാത്രാശ്രയവുമായ ആയിരക്കണക്കിന് സാധാരണക്കാരാണ് മാനേജ്മെന്‍റ് നീക്കത്തിൽ നടുറോഡിലായത്.
ടിക്കറ്റ്-ടിക്കറ്റേതര ഇനത്തിൽ 186.54 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ജൂലൈയിലെ വരുമാനം. ശമ്പളത്തിനായി വേണ്ടത് 67.38 കോടിയാണ്. ഡീസലിനായി ചെലവായത് 102.20 കോടിയും. ഡീസൽ-ശമ്പളച്ചെലവുകൾ (169.58) ഒഴിച്ചാൽ തന്നെ 16.96 കോടി രൂപ മിച്ചമുണ്ട്. സർക്കാർ ധനസഹായവും ഓവർഡ്രാഫ്റ്റുമെല്ലാം ഇതിന് പുറമേ വരവിനത്തിലുണ്ട്. ആഗസ്റ്റ് പത്തിനകം ശമ്പളം കൊടുത്തുതീർക്കണമെന്നാണ് കോടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.