കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി
text_fieldsതിരുവനന്തപുരം: ബിജുപ്രഭാകർ ഒഴിഞ്ഞതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) പ്രമോജ് ശങ്കറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ കെ.എസ്.ആർ.ടി.സി ജോയൻറ് എം.ഡിയാണ് പ്രമോജ് ശങ്കർ. ഗതാഗത മന്ത്രി ഗണേഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സി.എം.ഡി സ്ഥാനമൊഴിയാൻ സന്നദ്ധതയറിച്ച് ബിജു പ്രഭാകർ സർക്കാറിന് കത്ത് നൽകിയിരുന്നു. തിങ്കളാഴ്ച ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ബിജുവിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.
ചൊവ്വാഴ്ച ബിജു പ്രഭാകർ സി.എം.ഡി സ്ഥാനത്തുനിന്ന് പടിയിറങ്ങിയതായി ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി കോർപറേഷൻ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ചയാണ് പ്രമോജ് ശങ്കറിനെ സി.എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. കെ.എസ്.ആർ.ടി.സി^സ്വിഫ്റ്റിെൻറ ചുമതലയും പ്രമോജിന് നൽകിയിട്ടുണ്ട്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഫഷനലുകളെ കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് 2023 മാർച്ച് 15ന് പ്രമോജ് ശങ്കർ ജോയന്റ് മാനേജിങ് ഡയറക്ടറായി എത്തുന്നത്.
കേന്ദ്ര സർവിസിൽനിന്നു ഡെപ്യൂട്ടേഷനിലുള്ള പ്രമോജ്, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എന്ന ചുമതലക്കൊപ്പമാണ് കെ.എസ്.ആർ.ടി.സിയിലെ ഉത്തരവാദിത്വവും നിർവഹിക്കുന്നത്. ഗതാഗത വകുപ്പിന്‍റെ തന്നെ എൻജിനീയറിങ് കോളജ് ആയ ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും, മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് എം.എംടെക്കും പാസായ പ്രമോജ് 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവിസ് ഉദ്യോഗസ്ഥനാണ്. മൂന്ന് വർഷത്തേക്കോ, ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നതു വരേയോ കെ.എസ്.ആർ.ടി.സിയിൽ തുടരാം.
ടി.പി. സെൻകുമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം കെ.എസ്.ആർ.ടി.സി മേധാവി സ്ഥാനം ലഭിച്ചത് ബിജുവിനായിരുന്നു, മൂന്ന് വർഷവും എട്ട് മാസവും. രണ്ടര വർഷം വകുപ്പ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. പുതുതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബുധനാഴ്ച ചുമതലയേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.