സർക്കാറിനെ മറികടന്ന് ബസ് നിരക്കുകൂട്ടി കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി സർക്കുലർ ബസുകളിൽ മിനിമം നിരക്ക് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. സർക്കാറിെൻറ അറിവും അനുമതിയുമില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്.
സംസ്ഥാനത്ത് മറ്റെല്ലായിടത്തും ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ട് രൂപയായിരിക്കെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിറ്റി സർക്കുലർ ബസുകളിൽ 10 രൂപയാണ് ഈടാക്കുന്നത്. ഇത്തരം ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കേണ്ട ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ തന്നെ കെ.എസ്.ആർ.ടി.സിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കുേമ്പാഴാണ് യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നത്.
ജനുറം ലോ ഫ്ലോർ ബസുകളാണ് സിറ്റി സർക്കുലർ സർവിസുകൾക്ക് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ജനുറം ലോ ഫ്ലോർ നോൺ എ.സി ബസുകൾ സിറ്റി ഓർഡിനറി ബസുകൾക്ക് പകരമാണ് സർവിസ് നടത്തുന്നത്. അതിനാൽ ഇത്തരം ബസുകൾക്ക് നിലവിലെ ഓർഡിനറി അല്ലെങ്കിൽ സിറ്റി ബസ് നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന നിർദേശം നിലനിൽക്കെയാണ് തിരുവനന്തപുരം നഗരത്തിലെ കൂടിയ നിരക്ക്.
എട്ടുരൂപക്ക് രണ്ടര കിലോമീറ്റർ യാത്രയാണ് സംസ്ഥാനമൊട്ടാകെ അനുവദിക്കപ്പെട്ടതെങ്കിലും തലസ്ഥാനത്ത് ഇത്രയും ദൂരം താണ്ടണമെങ്കിൽ രണ്ടുരൂപകൂടി അധികം നൽകണം. ഫെയർ റിവിഷൻ കമ്മിറ്റിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചാൽ മാത്രമേ സംസ്ഥാനത്ത് ബസ് നിരക്കിൽ എന്തെങ്കിലും മാറ്റം വരുത്താനാവൂ എന്നാണ് നിയമം.
ഇത് മറികടന്നാണ് കെ.എസ്.ആർ.ടി.സി സ്വന്തംനിലക്ക് നിരക്ക് കൂട്ടിയത്. ബസ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യബസുടമകൾ അടക്കം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയൽ നിയമവകുപ്പിെൻറ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഒരു വിഭാഗം കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.