കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധിക്ക് മാറ്റമില്ല
text_fieldsതിരുവനന്തപുരം: ഗതാഗതമന്ത്രി ഉറപ്പുനൽകിയ തീയതി കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. പത്താം തീയതി ശമ്പളം നൽകുമെന്ന് യൂനിയൻ നേതാക്കൾക്ക് മന്ത്രി ആന്‍റണി രാജു നൽകിയ ഉറപ്പാണ് പാഴായത്. ഈ ഘട്ടത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായതുമില്ല.
സര്‍ക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല്‍ പെട്ടെന്ന് സഹായം കിട്ടുമെന്ന പ്രതീക്ഷയും കുറഞ്ഞു. ധനകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പ ലഭിക്കണമെങ്കിലും സര്‍ക്കാര്‍ ഉറപ്പ് വേണം. ഇക്കാര്യത്തില്‍ വ്യാഴാഴ്ചയും പുരോഗതിയുണ്ടായില്ല. ശമ്പളം വൈകിയതോടെ അണികളെ ആശ്വസിപ്പിക്കാനാകാതെ തൊഴിലാളി നേതാക്കളും ബുദ്ധിമുട്ടുകയാണ്. ഈ ഘട്ടത്തിൽ പണിമുടക്ക് നടത്തുന്നത് ഗുണകരമാവില്ലെന്ന അഭിപ്രായം പ്രതിപക്ഷ സംഘടനകൾക്കുൾപ്പെടെയുണ്ട്.
അതേസമയം, ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഡിപ്പോകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ചീഫ് ഓഫിസിന് മുന്നില്‍ നടന്ന ധർണ ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി ഡ്രൈവേഴ്‌സ് യൂനിയന്‍ ജനറൽ സെക്രട്ടറി ടി. സോണി, വര്‍ക്കിങ് പ്രസിഡന്‍റ് ആര്‍. അയ്യപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി മുഖ്യമന്ത്രിയെ നേരിൽ ധരിപ്പിക്കാൻ സി.ഐ.ടി.യു ശ്രമിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചക്ക് അവസരം കിട്ടിയില്ല. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ കെ.എസ്.ആര്‍.ടി.സി വിഷയം പരിഗണനക്കുവരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.