കെ.എസ്.ആർ.ടി.സി ശമ്പളം: പ്രതിഷേധച്ചൂടിനിടെ യൂനിയനുകളെ ചർച്ചക്ക് വിളിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണകാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തിങ്കളാഴ്ച ഗതാഗതമന്ത്രി ആൻറണി രാജു അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചു. മൂന്ന് സംഘടനകളുമായും വെവ്വേറെ സമയങ്ങളിലാണ് കൂടിക്കാഴ്ച. സി.ഐ.ടി.യുവിന് രാവിലെ 11.30നും ടി.ഡി.എഫിന് വൈകീട്ട് മൂന്നിനും ബി.എം.എസിന് 3.30 നുമാണ് സമയമനുവദിച്ചിരിക്കുന്നത്. േമയ് അഞ്ചിനുള്ളിൽ ഏപ്രിലിലെ ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങാൻ യൂനിയനുകൾ തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം.
ആറ് മുതൽ പണിമുടക്കുമെന്നറിയിച്ച് ടി.ഡി.എഫ് നേരേത്ത നോട്ടീസ് നൽകിരുന്നു. ബി.എം.എസും ആറിന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടെങ്കിലും ശമ്പളവിതരണം നടന്നില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങാനാണ് സി.ഐ.ടി.യുവിന്‍റെയും തീരുമാനം. കഴിഞ്ഞദിവസം മാനേജ്മെന്‍റ് യൂനിയനുകളെ ചർച്ചക്ക് വിളിച്ചെങ്കിലും ശമ്പളകാര്യത്തിൽ ഒരുറപ്പും നൽകാനായില്ല. യൂനിയനുകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സമവായ നീക്കം.
കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന മന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്താവന യൂനിയനുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ശമ്പളകാര്യത്തിൽ മന്ത്രി ഒഴിഞ്ഞുമാറുന്നുവെന്ന വിമർശനം നേരേത്തതന്നെ യൂനിയനുകൾക്കുണ്ട്. സര്‍ക്കാറിന്‍റെ കൂട്ടായ തീരുമാനമാണിതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പരാമർശം കൂടി വന്നതോടെ ശമ്പളകാര്യത്തിൽ സർക്കാർ കൈമലർത്തുന്നുവെന്ന വികാരമാണ് തൊഴിലാളികൾക്കിടയിലുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.