കെ.എസ്.ആർ.ടി.സി ശമ്പളത്തിനുള്ള 103 കോടി സർക്കാർ ഉടൻ നൽകണം -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ബോണസും നൽകാൻ ആവശ്യമായ തുക സെപ്റ്റംബർ ഒന്നിനുമുമ്പ് സർക്കാർ കൈമാറണമെന്ന് ഹൈകോടതി. ജീവനക്കാർക്ക് പട്ടിണി ഓണം ഉണ്ടാവരുതെന്ന് പരാമർശിച്ചാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 103 കോടി ഉടൻ നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. അനുവദിക്കുന്ന തുക കെ.എസ്.ആർ.ടി.സിയുടെ ആസ്തിയിൽനിന്ന് തിരികെ പിടിക്കാനാകും. ശമ്പളം യഥാസമയം നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ബോണസിന് മൂന്നുകോടിയടക്കമാണ് 103 കോടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ധനമന്ത്രായലയത്തിന്റെ എതിർപ്പാണ് പണം അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം. കെ.എസ്.ആർ.ടി.സിയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്കായി 250 കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്തി നിർണയിക്കാനുള്ള ഓഡിറ്റിങ്ങും ആരംഭിച്ചിട്ടുണ്ട്.
സിംഗിൾ ഡ്യൂട്ടി തൊഴിലാളി യൂനിയനുകൾ അംഗീകരിക്കാതെ സർക്കാറിൽനിന്ന് സഹായം ലഭിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ദിവസവേതനക്കാരുടെ ശമ്പളം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ സഹായമില്ലാതെ മറ്റ് ജീവനക്കാരുടെ ശമ്പളം നൽകാനാകില്ലെന്നും വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടിയുടെ കാര്യത്തിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തൊഴിലാളി യൂനിയനുകളുമായി മൂന്നുതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ലെന്ന് സർക്കാറും കോടതിയെ അറിയിച്ചു.
എല്ലാ വകുപ്പുകളും സർക്കാറിന്റെ ഭാഗമല്ലേയെന്നും സിംഗിൾ ഡ്യൂട്ടി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നിരിക്കെ ചർച്ച എന്തിനെന്നും കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് പ്രശ്നം. സർക്കാറിന്റെ രക്ഷാകർതൃത്വം മാറണം. മറ്റൊരു സ്ഥാപനത്തിനുമില്ലാത്തവിധം ആസ്തിയുണ്ടായിട്ടും സ്വയംപര്യാപ്തമാക്കാനാകുന്നില്ലെന്ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കോടതി വിമർശിച്ചു.
കെ.എസ്.ആര്‍.ടി.സി: പലിശയിൽ ധാരണ, പെൻഷൻ ഉടൻ
തിരുവനന്തപുരം: പലിശ നിരക്ക് സംബന്ധിച്ച് സഹകരണബാങ്കുകളും ധനവകുപ്പും തമ്മിലുള്ള തര്‍ക്കം തീർന്നതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പെന്ഷന് വിതരണത്തിന് വഴി തെളിയുന്നു. എട്ടുശതമാനം പലിശക്ക് വായ്പ നല്‍കാമെന്ന് സഹകരണബാങ്കുകളുടെ കണ്‍സോർട്യം സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. സഹകരണസംഘങ്ങളുടെ കൺസോർട്യം വഴി പെന്ഷന് വിതരണം ചെയ്യുകയും, ചെലവായ തുക പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം തിരിച്ചു നല്കുന്നതുമാണ് പതിവ്. എട്ടരശതമാനം പലിശയാണ് സഹകരണബാങ്കുകള്‍ ഈടാക്കിയിരുന്നത്. ഇത് ഏഴരശതമാനമായി കുറക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് പെന്ഷന് വിതരണം അനിശ്ചിതത്വത്തിലായത്. രണ്ടുമാസത്തെ പെന്ഷന് വിതരണം മുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ട് സമവായം കണ്ടെത്തുകയായിരുന്നു.
എട്ടുശതമാനമായാണ് പലിശ നിശ്ചയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ പെന്ഷന് നല്‍കും. 40,000 പെന്‍ഷന്‍കാരാണ് കെ.എസ് ആർ.ടി.സിയിലുള്ളത്. പെന്ഷന് വിതരണം മുടങ്ങിയത് വിരമിച്ച ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. . മാസം 60 കോടി രൂപയാണ് പെന്‍ഷനുവേണ്ടത്. കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് പെന്ഷന് വിതരണം സര്‍ക്കാര്‍ പരോക്ഷമായി ഏറ്റെടുത്തത്.
കെ.എസ്.ആര്‍.ടി.സിക്ക് പ്രവർത്തന മൂലധനമായി വർഷാവർഷം നീക്കിവെക്കുന്ന വിഹിതത്തിൽനിന്നാണ് സഹകരണ കൺസോർട്യം വായ്പയായി നൽകിയ തുക തിരിച്ചടക്കുന്നത്.
സഹകരണ കൺസോർട്യത്തിന്റെ ഇടനിലയില്ലാതെ ധനവകുപ്പ് നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് ഈ തുക പ്രതിമാസം നൽകുകയാണെങ്കിൽ പലിശ ഇനത്തിലെ വലിയ തുക ലാഭിക്കാനാകുമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല. കൺസോർട്യം വഴിയുള്ള പെൻഷൻ സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച അധികം അധ്വാനമില്ലാത്തതും എന്നാൽ, വലിയ ലാഭമുള്ളതുമായ ഇടപാടാണ്. സഹകരണ കൺസോർട്യം പലിശ നിരക്ക് കുറക്കണമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.