ഇന്ധനപ്രഹരം മറികടക്കാൻ മറുവഴികൾ തേടി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: ഡീസൽ വിലയിലെ അപ്രതീക്ഷിത പ്രഹരം മറികടക്കാൻ തിരക്കിട്ട ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി. 'ബൾക്ക് പർച്ചേസർ' വിഭാഗത്തിലെ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ഈ വില നൽകി ഐ.ഒ.സിയിൽ നിന്നടക്കം തൽക്കാലം ലോഡ് എടുക്കേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലേക്ക് മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്നുള്ള ഡീസലെത്തിക്കുകയാണ്. കർണാടകയിൽ പൊതുവെ ഇന്ധനനികുതി കുറവായതിനാൽ ബൾക്ക് പർച്ചേസിലായാലും അൽപം ആശ്വാസമുണ്ട്.
മറ്റ് ജില്ലകളിൽ പരമാവധി ബസുകൾ കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ഇന്ധന ഔട്ട്ലെറ്റുകളിൽനിന്ന് നിറക്കുകയാണ്. തിരുവനന്തപുരം സിറ്റി, ചേർത്തല, മൂവാറ്റുപുഴ, മൂന്നാർ എന്നിങ്ങനെ നാല് കെ.എസ്.ആർ.ടി.സി ഔട്ട്ലെറ്റുകളിലാണ് ഡീസൽ വിതരണമുള്ളത്.
ചടയമംഗലം, ചാലക്കുടി ഡിപ്പോകളിലെ ഔട്ട്ലെറ്റുകളിൽ അടിയന്തരമായി ഡീസൽ വിതരണ സംവിധാനമൊരുക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ റീട്ടെയില്‍ പമ്പുകളായ 'യാത്രാ ഫ്യൂവല്സി'ന് ലഭിക്കുന്ന സ്റ്റോക്ക് മറ്റു ഡിപ്പോകളിലേക്ക് എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. യാത്രാ ഫ്യൂവല്‍ പദ്ധതി എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. എന്നാൽ, നടപടിക്രമങ്ങൾ നീണ്ടതായതിനാൽ മറ്റു ഡിപ്പോകളിൽ റീട്ടെയില്‍ പമ്പുകള്‍ തുടങ്ങാന്‍ സമയമെടുക്കും.
ഇതിന് പുറമെ മറ്റ് പമ്പുകളില്‍നിന്ന് ടാങ്കറില്‍ ഇന്ധനം വാങ്ങി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെത്തിക്കുന്നുണ്ട്. ഐ.ഒ.സി അടക്കം എണ്ണക്കമ്പനികൾ സ്വകാര്യ പമ്പുകളുമായി സഹകരിച്ച് മൊബൈൽ ഇന്ധന വിതരണ യൂനിറ്റുകൾ നടത്തുന്നുണ്ട്. നിലവിലെ റീട്ടെയിൽ വിലയ്ക്ക് മൊബൈൽ ഇന്ധന യൂനിറ്റുകളിൽനിന്ന് ഡീസൽ കിട്ടുമെന്നതിനാൽ ഈ സംവിധാനവും പ്രയോജനപ്പെടുത്തും. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസൽ വിലയില്‍ 6.73 രൂപയുടെ വര്‍ധനയുണ്ടായതോടെ പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 4.21 രൂപ കെ.എസ്.ആർ.ടി.സി അടക്കം അധികം നൽകേണ്ടി വരുമെന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡീലർ കമീഷൻ കൂടിയാകുമ്പോൾ ഇത് ആറ് രൂപയിലേറെ വരും.
അതേസമയം ഇന്ധനകാര്യത്തിൽ ജലഅതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും നാല് ശതമാനം എന്ന നിലയിൽ നികുതിയിളവ് നൽകുമ്പോൾ കെ.എസ്.ആർ.ടി.സിക്കിത് 27 ശതമാനമാണ്. നികുതി കുറയ്ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.