കരിപ്പൂർ വഴി കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു. തിങ്കളാഴ്ച മുതലാണ് നാല് സർവിസുകൾ തുടങ്ങിയത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം ബസുകളാണ് ഓടുക. കരിപ്പൂരിൽ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ ഈ സമയത്താണ് ബസ് സർവിസ്.
ആദ്യ ബസ് തിങ്കളാഴ്ച പുലർച്ച കോഴിക്കോട് നിന്ന് 4.30ന് പുറപ്പെട്ട് 5.20ന് കരിപ്പൂരിലെത്തി. അൽപസമയത്തിനകം ബസ് പാലക്കാട്ടേക്ക് പുറപ്പെട്ടു. മലപ്പുറം ക്ലസ്റ്റർ ഓഫിസർ വി.എം.എ. നാസർ, കോഴിക്കോട് അസി. ക്ലസ്റ്റർ ഓഫിസർ പി.കെ. പ്രശോഭ് തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട്, പാലക്കാട് യൂനിറ്റിന്‍റെ രണ്ട് വീതം ബസുകളാണ് സർവിസ് നടത്തുന്നത്. പാലക്കാട് ഭാഗത്തേക്ക് കരിപ്പൂരിൽ നിന്ന് പുലർച്ച 12.05നും 5.20നുമാണ് സർവിസ്. കോഴിക്കോട് ഭാഗത്തേക്ക് രാത്രി 11.05നും പുലർച്ച 12.25നും. കോഴിക്കോട് നിന്നു പുലർച്ച 4.30, രാത്രി 11.15 എന്നിങ്ങനെയാണ് ബസ് സമയം. പാലക്കാട് നിന്നു രാത്രി 7.40നും ഒമ്പതിനും.
കോഴിക്കോട്-പാലക്കാട് റൂട്ടിൽ 2020ൽ ഒരു സർവിസ് കരിപ്പൂർ വഴി നടത്തിയിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. സെപ്റ്റംബർ 14ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കരിപ്പൂർ വഴി സർവിസ് നടത്താൻ തീരുമാനിച്ചത്. സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എ നേരത്തെ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.