നോളജ് സിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസിന് തുടക്കം; എത്ര സർവീസ് വേണമെങ്കിലും ആരംഭിക്കാന്‍ തയാർ -മന്ത്രി
text_fieldsകോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ കീഴിലുള്ള മര്‍കസ് നോളജ് സിറ്റിയിലേക്ക് കോഴിക്കോട് ടെർമിനലിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ നേരിട്ടുള്ള സർവീസിന് തുടക്കം. കോഴിക്കോട് ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
കോഴിക്കോട് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റി മഹാ പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സ്ഥാപനത്തിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയെന്നത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ബസ് ആണ് ആരംഭിക്കുന്നതെങ്കിലും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം എത്ര സര്‍വീസ് വേണമെങ്കിലും ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് മുമ്പ് നോളജ് സിറ്റി സന്ദര്‍ശിച്ചിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയം താത്പര്യമെടുത്താണ് ഇത്തരത്തിലൊരു സര്‍വീസ് ആരംഭിച്ചതെന്നും നോളജ് സിറ്റി എന്ന ബോര്‍ഡ് വെച്ചുകൊണ്ട് തന്നെ സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.
ദിവസവും രണ്ട് സർവീസാണ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്നത്. രാവിലെ 7.30ന് കോഴിക്കോട് നിന്നും 9.15ന് നോളജ് സിറ്റിയില്‍ നിന്ന് തിരിച്ചും യാത്ര ചെയ്യാവുന്ന രൂപത്തിലും വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് നിന്നും അഞ്ച് മണിക്ക് തിരിച്ചുമുള്ള രൂപത്തിലുമാണ് സമയക്രമം.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന്‍ ഹാജി, മര്‍കസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം യൂസുഫ് ഹൈദര്‍, മര്‍കസ് നോളജ് സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, കെ.എസ്.ആര്‍.ടി.സി ജില്ല ഓഫീസര്‍ പി.കെ പ്രശോഭ് എന്നിവർ സംസാരിച്ചു.
നോളജ് സിറ്റിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനം നടക്കും. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും.
മെഡിക്കൽ കോളജ്, ലോ കോളജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോക് ലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എജുക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.