കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി അട്ടിമറി അപകടകരവും നിയമവിരുദ്ധവും
text_fieldsതൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ ഒരു ഡ്രൈവറെ 16 മുതൽ 24 മണിക്കൂർവരെ തുടർച്ചയായി ബസോടിക്കാൻ നിർബന്ധിക്കുന്ന മൾട്ടി ഡ്യൂട്ടി തിരികെ കൊണ്ടുവരാനുള്ള നീക്കം അപകടകരവും നിയമവിരുദ്ധവും കോടതിയലക്ഷ്യവും. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷക്കായി ഹൈകോടതി വിധിപ്രകാരം എട്ടു മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം പൂർണമായി നടപ്പാക്കാനിരിക്കെ യൂനിയൻ നേതാക്കൾ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് കെ.എസ്.ആർ.ടി.സിക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് യൂനിയൻ നേതാക്കളുടെ വാദം.
12 മണിക്കൂർ ഡ്യൂട്ടി നിയമവിരുദ്ധമാണെന്ന് 2021 ജൂൺ 18ന് അംഗീകൃത സംഘടനകളുമായുള്ള ചർച്ചക്കുള്ള അജണ്ടയിലെ 19ാം പേജിലെ ഒമ്പതാം ഐറ്റത്തിൽ കെ.എസ്.ആർ.ടി.സി സി എം.ഡി വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ഇങ്ങനെ പറയുന്നു. ‘മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമം അനുസരിച്ച് ജീവനക്കാരുടെ സുരക്ഷിതത്വത്തിനായി ദീർഘദൂര സർവിസുകളിൽ ഡ്രൈവറെയും കണ്ടക്ടറെയും പരമാവധി എട്ടു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി നിയോഗിക്കാൻ പാടില്ല. ഓർഡിനറി സർവിസുകളിൽ ഇവരെ സിംഗിൾ ഡ്യൂട്ടിക്ക് മാത്രമേ ഉപയോഗിക്കാവൂ. ബസ് ഷെഡ്യൂളുകളെ ബാധിക്കാത്ത തരത്തിൽ ജീവനക്കാരുടെ ഷെഡ്യൂളുകൾ ഇതിനുതകുമാറ് പുനഃക്രമീകരിക്കുന്നതാണ്’.
2017 ഡിസംബർ 12ന് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് കെ.എസ്.ആർ.ടി.സിയിൽ എട്ടു മണിക്കൂർ ഡ്യൂട്ടി നടപ്പാക്കാൻ ഉത്തരവിട്ടിരുന്നു. ടി.ഡി.എഫ് അടക്കമുള്ള തൊഴിലാളി യൂനിയനുകളുടെ കേസിനെ തുടർന്നായിരുന്നു വിധി. ഇതിനെതിരായ ഏതു തീരുമാനവും കോടതിയലക്ഷ്യമാകും. 2018 ഫെബ്രുവരി 23ലെ 036992/2011 നമ്പർ ഉത്തരവിലൂടെ അന്ന് കെ.എസ്.ആർ.ടി.സി മേധാവിയായിരുന്ന ഹേമചന്ദ്രൻ യാത്രക്കാരുടെ സുരക്ഷ, ജീവനക്കാരുടെ ആരോഗ്യം, കാര്യക്ഷമത എന്നിവ പരിഗണിച്ചും ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലും എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടികളാക്കിയിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു.
2018 ഡിസംബറിൽ ടോമിൻ തച്ചങ്കരി എം.ഡിയായിരിക്കെയും ഓർഡിനറി ബസുകൾ ഡബിൾ ഡ്യൂട്ടിയിൽനിന്ന് സിംഗിൾ ഡ്യൂട്ടിയാക്കിയിരുന്നു. മറ്റ് സർവിസുകളിലും സമാനമായ മാറ്റമുണ്ടായി. വിശ്രമമില്ലാത്ത ജോലിക്കിടെ സൂപ്പർ എക്സ്പ്രസ് ബസിന്റെ ഡ്രൈവർ ഉറങ്ങിയതുമൂലം കൊല്ലത്തിനടുത്തുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതാണ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താൻ തച്ചങ്കരിയെ പ്രേരിപ്പിച്ചത്. പിന്നീട് തൊഴിലാളി യൂനിയനുകളുടെ സമ്മർദത്തെ തുടർന്ന് അന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരം ഗതാഗതസെക്രട്ടറി ജ്യോതിലാൽ 2019 മാർച്ച് അവസാനം വിളിച്ച യോഗത്തിൽ തച്ചങ്കരി നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സംവിധാനം റദ്ദാക്കാൻ തീരുമാനിച്ചു. ഇത് കോടതിയലക്ഷ്യമാകുമെന്ന് വന്നതോടെ നിലവിലെ സി.എം.ഡി ബിജു പ്രഭാകർ 2022 ജൂലൈയിൽ ഓർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 10 മാസമായി ഡി.ടി.ഒ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നാല് എ.ടി.ഒമാരും രണ്ടുഡസൻ ഉദ്യോഗസ്ഥരും ചീഫ് ഓഫിസിൽ ഇരുന്ന് വിവിധ യൂനിറ്റുകൾക്ക് ഡ്യൂട്ടി പുനഃക്രമീകരിച്ചു നൽകിക്കൊണ്ടിരിക്കുകയാണ്. ഇത് 90 ശതമാനവും പൂർത്തിയായിരിക്കെയാണ് ഇപ്പോൾ വീണ്ടും സിംഗിൾ ഡ്യൂട്ടി സംവിധാനം ഉപേക്ഷിക്കാൻ കെ.എസ്.ആർ.ടി.സി തയാറാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.