ഓടിത്തളർന്നു; നിരത്തൊഴിഞ്ഞത് 947 കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsകൊച്ചി: അഞ്ചുവർഷത്തിനിടെ നിരത്തൊഴിഞ്ഞത് കെ.എസ്.ആർ.ടി.സിയുടെ ഓടിത്തളർന്ന 947 ബസുകൾ. പുതിയ നിയോഗമേറ്റെടുത്ത് ഇക്കൂട്ടത്തിലെ 40 ബസുകൾ ഷോപ് ഓൺ വീൽ പദ്ധതി പ്രകാരം വ്യാപാര കേന്ദ്രമായും 21 എണ്ണം വിശ്രമകേന്ദ്രങ്ങളായ സ്ലീപ്പറായും രൂപം മാറ്റപ്പെടുകയാണ്. വാഹനത്തിെൻറ കാലപ്പഴക്കവും ഓടിയ ദൂരവും ഗുരുതര ഷാസി തകരാറുകളുമൊക്കെയാണ് ഇവ പിൻവലിക്കാൻ കാരണം. സുരക്ഷിത യാത്രയും മലിനീകരണ നിയന്ത്രണവും ഇതിലൂടെ ലക്ഷ്യംവെക്കുന്നു. കുറഞ്ഞത് 10 ലക്ഷം കിലോമീറ്ററും 10 വർഷവും പിന്നിട്ട ബസുകളാണ് സ്ക്രാപ്പിങ്ങിന് പരിഗണിക്കുന്നത്. 500 ഓളം ബസുകൾ വിവിധ ഉദ്ദേശ്യത്തോടെ ഇനിയും രൂപമാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ ഘട്ടങ്ങൾ കടന്നാണ് ബസുകൾ ഒഴിവാക്കാൻ തീരുമാനമെടുക്കുന്നത്. തകരാറുകൾ പരിശോധിച്ച് ഡിപ്പോതല കമ്മിറ്റി സ്ക്രാപ് ചെയ്യാൻ ശിപാർശ ചെയ്യും. തുടർന്ന് അസി. വർക്സ് മാനേജറുടെ അനുമതിയോടെ റീജനൽ വർക്ഷോപ്പിലേക്ക് നൽകിയ ശേഷം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെ.എസ്.ആർ.ടി.സി തലപ്പത്തുനിന്ന് അനുമതി ലഭിക്കുന്നതോടെയാണ് ഇത് പൂർത്തിയാകുന്നത്.
ഏറ്റവുമധികം ബസുകൾ പിൻവലിച്ചത് കണ്ണൂർ ഡിപ്പോയിൽനിന്നാണ് -31. ആറ്റിങ്ങലിനിന്ന് 29 ഉം കൊല്ലം, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്ന് 27 വീതവും പിൻവലിച്ചു. ചേർത്തല, മൂവാറ്റുപുഴ -26 വീതം, നെടുമങ്ങാട് -25, ആലുവ, സുൽത്താൻബത്തേരി, കാട്ടാക്കട -23 വീതം, നെയ്യാറ്റിൻകര -22, വിഴിഞ്ഞം -21, കൊട്ടാരക്കര -20 എന്നിങ്ങനെ 87 ഡിപ്പോകളിൽനിന്നാണ് ബസുകൾ മാറ്റിയത്.
ഉപയോഗശൂന്യമായി ഡിപ്പോകളിൽ കിടക്കുന്ന ബസുകൾ പുതിയ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്നതിലൂടെ ടിക്കറ്റിതര വരുമാനം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. രൂപമാറ്റം വരുത്തിയ ബസുകൾ സ്റ്റാളുകളാക്കി മിൽമ, കുടുംബശ്രീ എന്നിവക്ക് പ്രാരംഭ ഘട്ടമെന്ന നിലയിൽ കരാർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ തൃശൂരിലും എറണാകുളത്തുമടക്കം വിവിധ ഡിപ്പോകളിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള കേന്ദ്രമായി ബസുകൾ മാറ്റിയിരുന്നു. സ്ലീപ്പർ ഇൻ ബസ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.