കെ.എസ്.ആർ.ടി.സി പണിമുടക്ക്: നടപടിക്ക് നീക്കം, ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പണിമുടക്കിന് പിന്നാലെ ജീവനക്കാർക്കെതിരെ കടുത്ത നടപടി നീക്കവുമായി മാനേജ്മെന്റ്. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. ഇനി മുതൽ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്പള വർധനവിനും സ്ഥാനക്കയറ്റത്തിനുമുൾപ്പെടെ പരിഗണിക്കുകയുമുള്ളൂ.
സ്ഥാപനത്തിന്റെ അവസ്ഥയും താൻ നൽകിയ ഉറപ്പും പരിഗണിക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്ന് നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. നിലവിൽ 5, 6, 7 തീയതികളിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.
ജീവനക്കാർ 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയിൽ കോർപറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ശമ്പള വർധന, പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസം ഹാജർ വേണം.
മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കാണ് ഇളവുകളുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റേതാണ്. അതിന് കെ.എസ്.ആർ.ടി.സി രൂപവൽകരിക്കുന്നതോ സർക്കാരിന്റെയോ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.