കെ.എസ്.ആര്.ടി.സി; സിംഗ്ള്‍ ഡ്യൂട്ടി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: 12 മണിക്കൂര്‍ വരെ പരമാവധി നീളാവുന്ന സിംഗ്ള്‍ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കെ.എസ്.ആര്.ടി.സി യൂനിയനുകളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഒമ്പത് ഡിപ്പോകളില്‍ നടപ്പാക്കാന്‍ ഷെഡ്യൂള്‍ തയാറാക്കിയെങ്കിലും പരസ്പര ധാരണയെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പാറശ്ശാല ഡിപ്പോയില്‍ മാത്രമാകും നടപ്പാക്കുക. സി.ഐ.ടി.യു, ബി.എം.എസ് സംഘടനകള്‍ ഇതുസംബന്ധിച്ച് മാനേജ്മെന്റുമായി ധാരണയിലെത്തിയെങ്കിലും കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫ് പണിമുടക്കിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച ടി.ഡി.എഫിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.
മാനേജ്മെന്റ് തയാറാക്കിയ ഷെഡ്യൂളുകളില്‍ അപാകതയുണ്ടെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. തിരക്കുള്ള പല റൂട്ടിലും ആവശ്യത്തിന് ബസുകളില്ലാത്ത വിധത്തിലാണ് ക്രമീകരണം. ഷെഡ്യൂള്‍ സമയം കുറച്ചിട്ടുണ്ട്. ഇതുകാരണം ബസുകള്‍ നിശ്ചിത സമയത്ത് ഓടിയെത്തില്ല. ഇത് പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അതേസമയം റൂട്ടുകള്‍ പുനഃക്രമീകരിച്ചതാണെന്ന അവകാശവാദമാണ് മാനേജ്മെന്റ് ഉയര്‍ത്തുന്നത്. തിരക്കുള്ള രാവിലെയും വൈകീട്ടും കൂടുതല്‍ ബസ് ഓടിക്കുകയും ഉച്ചസമയത്ത് ബസുകള്‍ കുറക്കുകയുമാണ് ലക്ഷ്യം. ഇങ്ങനെ ക്രമീകരിക്കുന്ന സമയത്ത് ജീവനക്കാര്‍ക്ക് ഡ്യൂട്ടിയുടെ ഭാഗമായ വിശ്രമം നല്‍കും. ഇപ്പോൾ തയാറാക്കിയ ഷെഡ്യൂളുകള്‍ യാത്രാക്ലേശം കൂട്ടുകയും ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനകള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.