കെ.എസ്.ആർ.ടി.സി പണിമുടക്ക്: കൈയും കെട്ടി നോക്കിനിൽക്കാനാകില്ല -ഗതാഗതമന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ യൂനിയനുകൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ആന്‍റണി രാജു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ജനങ്ങളുടെ യാത്രസൗകര്യം മുടക്കി പണിമുടക്ക് നടത്തുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുമ്പോൾ സർക്കാറിന് കൈയും കെട്ടി നോക്കിനിൽക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
10ന് ശമ്പളം കൊടുക്കാമെന്ന നിർദേശം യൂനിയനുകൾ അംഗീകരിച്ചില്ല. ശമ്പളക്കാര്യത്തിൽ ഇനി എന്ത് വേണമെന്ന് മാനേജ്മെന്‍റ് തീരുമാനിക്കട്ടെ. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം സമരങ്ങൾ തുടർന്നാൽ പൊതുഗതാഗത നടത്തിപ്പിന് ബദൽ മാർഗങ്ങൾ തേടേണ്ടിവരും. അഞ്ചു ദിവസത്തെ സാവകാശമല്ലേ മാനേജ്മെന്‍റ് ചോദിച്ചത്. അല്ലാതെ, ശമ്പളം കൊടുക്കില്ല, എന്നെങ്കിലും തരുമെന്നൊന്നും സർക്കാർ പറഞ്ഞില്ലല്ലോ.
പണമുണ്ടായിട്ടല്ല കെ.എസ്.ആർ.ടി.സി ശമ്പളം നൽകാതിരിക്കുന്നത്. ഇന്ധന വിലക്കയറ്റത്തിലൂടെ പൊതുഗതാഗത സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ എന്തുകൊണ്ടാണ് യൂനിയനുകൾ സമരം ചെയ്യാത്തതെന്നും മന്ത്രി ചോദിച്ചു.
ഭൂരിഭാഗം സർവിസുകളും മുടങ്ങി
കെ.എസ്.ആർ.ടി.സി യാത്രക്കാരെ പെരുവഴിയിലാക്കി യൂനിയനുകളുടെ 24 മണിക്കൂർ സൂചന പണിമുടക്ക്. ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് ടി.ഡി.എഫ്, ഐ.ഐ.ടി.യു.സി, ബി.എം.എസ് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ ഭൂരിഭാഗം സർവിസുകളും മുടങ്ങി. സി.ഐ.ടി.യു പണിമുടക്കിൽ പങ്കെടുത്തില്ലെങ്കിലും പ്രവർത്തകരിലധികവും ജോലിയിൽനിന്ന് വിട്ടുനിന്നതോടെ പല ഡിപ്പോകളിലും ഒരു സർവിസ് പോലും നടക്കാത്ത സ്ഥിതിയുണ്ടായി.
ആകെയുള്ള 3600 സർവിസുകളിൽ നോർത്ത് സോണിൽ 350, സൗത്ത് സോണിൽ 250, സെൻട്രൽ സോണിൽ 188 അടക്കം 800 ഓളം എണ്ണമേ ഓടിയുള്ളൂ. ഇതിൽ കൂടുതലും ഓർഡിനറി സർവിസുകളാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് പണിമുടക്ക് തുടങ്ങുമെന്ന് അറിയിച്ചതെങ്കിലും വൈകുന്നേരത്തോടെ തന്നെ ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിന്നു. മൂൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്ത ദീർഘദൂര യാത്രക്കാർ വെട്ടിലായി. വിദൂരത്തുനിന്ന് ഡിപ്പോകളിലെത്തിയ പലർക്കും ബസില്ലാത്തതിനാൽ മടങ്ങിപ്പോകേണ്ടി വന്നു. ബസ് മുടക്കം പ്രതീക്ഷിക്കാത്തതിനാൽ യാത്രക്കാരെ വിളിച്ചറിയിക്കാനും കെ.എസ്.ആർ.ടി.സിക്കായില്ല.
വെള്ളിയാഴ്ച രാവിലെ ദേശീയപാതയിലും എം.സി റോഡിലും രൂക്ഷമായ ഗതാഗത പ്രതിസന്ധിയാണ് നേരിട്ടത്. വിദ്യാർഥികളും സ്ഥിരം യാത്രക്കാരുമാണ് ഏറെ വലഞ്ഞത്. മിക്ക ഡിപ്പോകളിലും പത്തിൽ താഴെ സർവിസുകളാണ് നടന്നത്. അടൂർ, നെയ്യാറ്റിൻകര, മാവേലിക്കര, ഗുരുവായൂർ, കാട്ടാക്കട, പാലക്കാട്, തൃശൂർ, ചെങ്ങന്നൂർ, വടകര, കുളത്തൂപ്പുഴ, പത്തനംതിട്ട, വെഞ്ഞാറമൂട്, ഹരിപ്പാട്, ആലപ്പുഴ, ആലുവ, കട്ടപ്പന, മണ്ണാർക്കാട്, മാവേലിക്കര, പെരുമ്പാവൂർ, കരുനാഗപ്പള്ളി, മാള എന്നീ ഡിപ്പോകളിൽനിന്ന് രാവിലെ ഒമ്പത് വരെ ഒറ്റ സർവിസും ഓപറേറ്റ് ചെയ്തിട്ടില്ലെന്ന് സമരക്കാർ അറിയിച്ചു. പണിമുടക്കിനെ നേരിടാൻ മാനേജ്മെന്‍റ് ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏശിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.