യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക്
text_fieldsതിരുവനന്തപുരം: ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് കൈമാറാനുള്ള നീക്കം യൂനിയനുകൾ തടഞ്ഞതോടെ കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക്. രാവിലെ എട്ട് മണിയോടെ തുടങ്ങിയ പണിമുടക്ക് നാല് മണിക്കൂർ നീണ്ടതോടെ യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്ത് തുടങ്ങിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി യൂനിയനുകൾ പ്രതിഷേധം ഉയർത്തിയതോടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചക്ക് ശേഷം തീരുമാനം താൽക്കാലികമായി മരവിപ്പിക്കുമെന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിക്കാൻ യൂനിയനുകൾ തയാറായത്. ഇതോടെ ഉച്ചക്ക് 12 ഒാടെ സർവിസുകൾ പുനരാരംഭിച്ചു.
തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് കൈമാറുന്നതിന് നേരേത്ത നടപടികൾ പൂർത്തിയായിരുന്നു. ചൊവ്വാഴ്ച രാവിലെ കുടുംബശ്രീക്കാർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ടിക്കറ്റ് റിസർവേഷൻ പുറംകരാർ നൽകാനുള്ള നീക്കം നടക്കില്ലെന്നും ആര് വന്നാലും തടയുമെന്നും ഇടത്-വലത് യൂനിയനുകൾ ഉൾപ്പെടുന്ന ട്രേഡ് യൂനിയൻ സംയുക്തസമിതിയും വ്യക്തമാക്കിയിരുന്നു. തുടർന്ന് രാവിലെ അഞ്ച് മുതൽ യൂനിയനുകൾ കൗണ്ടർ ഉപരോധിച്ച് സമരമാരംഭിച്ചു. ആറരേയാടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതോടെ കൂടുതൽ ജീവനക്കാർ കൗണ്ടറിന് മുന്നിൽ തടിച്ചുകൂടി. സമരക്കാതെ സ്ഥലത്ത് നിന്ന് നീക്കി റിസർവേഷന് യാത്രക്കാർക്ക് സൗകര്യം ചെയ്തുകൊടുക്കാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. കൗണ്ടറിനുള്ളിൽ നാട്ടിയിരുന്ന കൊടി പൊലീസ് നീക്കം ചെയ്തതോടെ സംഘർഷാവസ്ഥയായി. തുടർന്ന് സംയുക്ത ട്രേഡ് യൂനിയൻ ബസുകൾ നിർത്തിയിട്ട് മിന്നൽ പണിമുടക്ക് പ്രഖ്യാപിക്കുകയുമായിരുന്നു.
പ്രശ്നം രൂക്ഷമാകുന്നതിനിടെ മാനേജ്മെൻറ് പ്രതിനിധിയെത്തി കൗണ്ടറുകൾ കൈമാറാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചെങ്കിലും ബി.എം.എസ് ഒഴികെ യൂനിയൻ നേതാക്കളൊന്നും വഴങ്ങിയില്ല. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നതായിരുന്നു ആവശ്യം. തുടർന്നാണ് മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന ചർച്ച നടന്നതും പണിമുടക്ക് പിൻവലിച്ചതും.
കെ.എസ്.ആര്‍.ടി.സി: കുടുംബശ്രീക്ക് കരാര്‍ സര്‍ക്കാറുമായി കൂടിയാലോചിച്ച് -എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ റിസർേവഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറാനുള്ള തീരുമാനം സർക്കാറുമായി കൂടിയാലോചിച്ചാണ് നിശ്ചയിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി കെ.ടി. ജലീല്‍ മുന്‍കൈയെടുത്താണ് കുടുബശ്രീയെക്കൊണ്ട് പദ്ധതി സമര്‍പ്പിച്ചത്. സര്‍ക്കാറിെൻറ അനുമതിയോടെയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെൻറ് കുടുബശ്രീയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും യൂനിയൻ ഭാരവാഹികളുമായുള്ള ചർച്ചക്കുശേഷം വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
തൊഴിലാളിസംഘടനകളുടെ എതിര്പ്പിെൻറ പശ്ചാത്തലത്തില്‍ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
തീരുമാനം ജീവനക്കാരിലും ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ജീവനക്കാരെ മനപ്പൂർവം ഉപദ്രവിക്കണമെന്ന് സർക്കാറിനില്ല. തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് നീങ്ങാന്‍ കുടുബശ്രീക്കും എതിര്‍പ്പുണ്ട്. ഇൗ പശ്ചാത്തലത്തിൽ സാഹചര്യങ്ങളും സ്ഥിതിഗതികളും കുടുംബശ്രീയെ ബോധ്യപ്പെടുത്തും. കരാറില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് ഇനിയെടുക്കേണ്ട നിയമപരമായ നടപടികള്‍ കുടുബശ്രീയുമായി ആലോചിച്ച് സ്വീകരിക്കും. കരാറിൽ എതിർപ്പ് പ്രകടിപ്പിച്ച് തൊഴിലാളി യൂനിയനുകള്‍ നാല് ദിവസം മുമ്പ് കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച തൊഴിലാളിസംഘടനകളുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ കുടുംബശ്രീ കരാറും ഉള്‍പ്പെടുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.