കെ.എസ്.ആർ.ടി.സി പണിമുടക്ക്: കടുത്ത നടപടിക്ക് മാനേജ്മെന്‍റ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിന് മുമ്പേ 'പണിമുടക്ക്' തുടങ്ങിയവർക്കും റിസർവേഷനുള്ള സർവിസുകൾ മുടക്കിയവർക്കെതിരെയും നടപടിക്കൊരുങ്ങി മാനേജ്മെന്‍റ്.
വ്യാഴാഴ്ച റദ്ദാക്കിയ സർവിസുകളുടെ വിവരവും പണിമുടക്കിയ ജീവനക്കാരുടെ പേരുവിവരവും അടിയന്തര സ്വഭാവത്തിൽ യൂനിറ്റുകളിൽനിന്ന് ചീഫ് ഓഫിസ് ശേഖരിച്ചുതുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിൽ റിസർവേഷനുള്ള സർവിസുകൾ റദ്ദായത് മൂലമുള്ള നഷ്ടം കണക്കാക്കാനും കാരണക്കാരായ ജീവനക്കാരുടെ പേരുവിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെ വിശ്വസിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർ പെരുവഴിയിലായത് മാനേജ്മെന്‍റ് ഗൗരവത്തോടെയാണ് കാണുന്നത്. റിസർവേഷനുള്ള സർവിസുകൾ മുടങ്ങുന്ന കാര്യം യാത്രക്കാരെ അറിയിക്കാനും കഴിഞ്ഞില്ല. പലരും ദീർഘദൂരയാത്രക്കായി ഡിപ്പോയിലെത്തിയപ്പോഴാണ് പണിമുടക്ക് വിവരം അറിഞ്ഞത്.
വ്യാഴാഴ്ച അർധരാത്രി തുടങ്ങി വെള്ളിയാഴ്ച അർധരാത്രി അവസാനിക്കും വിധം 24 മണിക്കൂർ സൂചന പണിമുടക്കിനാണ് യൂനിയനുകൾ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് മുതൽ ജീവനക്കാർ വിട്ടുനിന്നതോടെ വൈകീട്ട് ആറിനും രാത്രി 11.30നും ഇടയിൽ പുറപ്പെടേണ്ട ദീർഘദൂര സർവിസുകൾ പലതും മുടങ്ങി. വൈകീട്ട് തുടങ്ങുന്ന ദീർഘദൂര സർവിസുകളിൽ പിറ്റേന്നാണ് ജോലി അവസാനിക്കുക. രാത്രി 12ന് പണിമുടക്ക് തുടങ്ങുമെന്നതിനാലാണ് ജീവനക്കാർ വിട്ടുനിന്നത്.
തിരുവനന്തപുരത്തുനിന്ന് മാത്രം വ്യാഴാഴ്ച തൃശൂർ (വൈകീട്ട് ആറ്), നിലമ്പൂർ (7.15), പാലക്കാട് (8.15), പാലക്കാട് (9.15), മാട്ടുപ്പെട്ടി (10.30), കട്ടപ്പന, കോയമ്പത്തൂർ (11.30) എന്നീ സുപ്രധാന ദീർഘദൂര സർവിസുകൾ മുടങ്ങി. ടിക്കറ്റ് റിസർവ് ചെയ്തവർ ബദൽ യാത്രാമാർഗമില്ലാതെ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് നടപടിയിലേക്ക് കടക്കുന്നത്.
യൂനിറ്റ് അധികാരികൾ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് മാനേജ്മെന്‍റ് നിലപാട്. ഓൺലൈനിൽ റിസർവേഷനുള്ള ഒരു സർവിസ് പോലും റദ്ദാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുൻകൂട്ടി ഡിപ്പോകൾക്ക് നിർദേശം നൽകിയിരുന്നു.
റിസർവേഷൻ സർവിസുകൾക്ക് മുൻഗണന നൽകി ജീവനക്കാരെ ക്രമീകരിക്കണമെന്നും നിർദേശമുണ്ടായി. എന്നാൽ, ഇതെല്ലാം പാളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.