സമരം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി; എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ മാനേജ്മെൻറ് നീക്കം
text_fieldsകോട്ടയം: ബസുകളുടെ അറ്റകുറ്റപ്പണി മുടക്കിയും വാഹനങ്ങൾ സർവിസ് യോഗ്യമെന്ന് ചെക്ക് റിപ്പോർട്ടുകൾ നൽകാതെയും മെക്കാനിക്കൽ ജീവനക്കാർ ഒന്നടങ്കം നടത്തിയ സമരം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. ഡീസൽ നിറക്കാൻ പമ്പുകളിൽ ചുമതലപ്പെടുത്തിയവർ വിട്ടുനിന്നതും കോർപറേഷനെ പ്രതിസന്ധിയിലാക്കി. ബസ് ഒാടിക്കാൻ ഡ്രൈവർമാർ തായറായെങ്കിലും ചെക്ക് റിപ്പോർട്ട് ലഭിക്കാതായതോടെ ഡ്യൂട്ടിക്കെത്തിയ ബഹുഭൂരിപക്ഷവും പിന്മാറി. ചെക്ക് റിപ്പോർട്ടില്ലാതെ ബസ് സർവിസ് നടത്തി അപകടത്തിൽപെട്ടാൽ തങ്ങൾ കുടുങ്ങുമെന്ന ഭയമായിരുന്നു ഡ്രൈവർമാരുടെ പിന്മാറ്റത്തിന് കാരണം. വെഹിക്കിൾ സൂപ്പർവൈസർമാരുടെ ചെക്ക് റിപ്പോർട്ടില്ലാതെ രണ്ടുദിവസം നിരവധി ബസുകൾ നിരത്തിലോടി. പല ബസുകളും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഡീസൽ നിറച്ചത് സെക്യൂരിറ്റി ഗാർഡുമാരുമായിരുന്നു. എന്നാൽ, ചെക്ക് റിപ്പോർട്ടും അറ്റകുറ്റപ്പണിയും നടത്താതെ സർവിസ് നടത്താനാവില്ലെന്ന് ഡ്രൈവർമാർ അറിയിച്ചതോടെ ചൊവ്വാഴ്ച സംസ്ഥാന തലത്തിൽ 60-70 ശതമാനം സർവിസുകളും മുടങ്ങി. ഫലത്തിൽ സമരം വിജയിച്ചു.
കോർപേറഷെൻറ 90ഒാളം ഡിപ്പോകളിൽ രണ്ടുദിവസമായി മിക്ക ബസുകളും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ ഡിപ്പോകളിൽനിന്നുള്ള സർവിസുകളാണ് ഇത്തരത്തിൽ നടത്തിയത്. ഒായിൽ മാറേണ്ട ബസുകളും നിരത്തിലോടി. മെക്കാനിക്കൽ ജീവനക്കാരുടെ സമരത്തെ നേരിടാൻ കോർപറേഷനും ഇതര യൂനിയനുകൾക്കും കഴിയാതെപോയതും പ്രതിസന്ധി രൂക്ഷമാക്കി.
കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷനും ഇത് തിരിച്ചടിയായി. അംഗീകൃത യൂനിയനുകൾ ഗതാഗത മന്ത്രിയുമായുള്ള ചർച്ചക്കുശേഷം സമരത്തിൽനിന്ന് പിന്മാറിയെങ്കിലും ഒരുവിഭാഗം ജീവനക്കാർ സമരത്തിൽ ഉറച്ചുനിൽക്കുന്നത് സ്ഥിതി വഷളാക്കുകയാണ്. എം പാനൽ ജീവനക്കാരാണ് സമരത്തിനുപിന്നിൽ. ഇവരെ ബി.എം.എസ് യൂനിയൻ പിന്തുണക്കുമെന്നതിനാൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
സമരത്തിൽനിന്ന് പിന്മാറുന്നില്ലെങ്കിൽ എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ നീക്കം. ഇത് പ്രതിസന്ധി രൂക്ഷമാക്കും. നിലവിൽ 1800-2000ത്തോളം സർവിസുകളാണ് മുടങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപറേഷന് ഇത് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.