കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച 97 ജീവനക്കാർക്ക് സസ്‌പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങിയത് കെ.എസ്.ആർ.ടി.സിയിലെ 137 ജീവനക്കാർ. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 97 സ്ഥിരം ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽകാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സിയിലെ ബദൽ ജീവനക്കാരും അടക്കം 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലുമാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ബ്രെത്ത് അനലൈസർ പരിശോധന നടത്തിയത്.
ഒരു ഇൻസ്പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ – ലോജിസ്റ്റിക്സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവർ മദ്യപിച്ചതായി കണ്ടെത്തി.
2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്.
മദ്യപിച്ചെന്ന് ഡ്യൂട്ടിക്ക് മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്‌പെൻഷൻ. താൽകാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.