കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചോടെ സർവിസ് ആരംഭിക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബംഗളൂരുവിൽനിന്നു സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.
മാർച്ച് 15ഓടെ ബാക്കി ബസുകളും എത്തും. ഈ ബസുകളുടെ പരീക്ഷണ ഓട്ടവും രജിസ്ട്രേഷനും പൂർത്തിയായ ശേഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോടെ ബസുകൾ സർവിസ് ആരംഭിക്കും. ഏത് റൂട്ടിൽ ഉപയോഗിക്കണം ഉൾപ്പെടെയുള്ള പഠനത്തിന് ശേഷമാകും ബസുകളുടെ ദീർഘദൂര സർവിസുകൾ ആരംഭിക്കുക.
അശോക് ലെയിലാൻഡ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബംഗളൂരുവിലെ എസ്.എം കണ്ണപ്പ (പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമിച്ചത്. നേരത്തെയുള്ള സൂപ്പർ ഫാസ്റ്റുകളിൽ 52 സീറ്റുകളാണുണ്ടായിരുന്നത്. പുതിയ ബസിൽ 55 സീറ്റുകളുണ്ടാകും. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷക്ക് ബസിന് അകത്ത് 360 ഡിഗ്രി കാമറയും മുൻഭാഗത്ത് ഡാഷ് ബോർഡിലും പിറക് വശത്തും കാമറയും ഒരുക്കിയിട്ടുണ്ട്.
പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൻസ്മെന്‍റ് സംവിധാനവും ഉണ്ടാകും. ബിഎസ് ആറ് ശ്രേണിയിൽ ഉള്ള ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജി.പി.എസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോയന്റുകൾ, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിക്കാനുള്ള സൗകര്യം എന്നിവക്കൊപ്പം ട്യൂബ് ലെസ് ടയറുകളും ബസിന്റെ പ്രത്യേകതയാണ്.
സാങ്കേതിക പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിക്കുന്നതിനുള്ള i-alert സംവിധാനവും ബസ്സുകളിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.