കെ.എസ്.ആർ.ടി.സി: നഷ്ടക്കരാറിലും ലാഭപ്രതീക്ഷയോടെ തമിഴ്നാട്ടിലേക്ക് പുതിയ സർവിസുകൾ
text_fieldsതിരുവനന്തപുരം: തമിഴ്നാടുമായി കെ.എസ്.ആർ.ടി.സി ഒപ്പുവെച്ച അന്തർസംസ്ഥാന കരാർ ‘നഷ്ടക്കച്ചവട’മാണെന്ന ആക്ഷേപങ്ങൾക്കിടെ 15 സർവിസുകൾ ആരംഭിക്കാൻ മാനേജ്മെൻറ് തീരുമാനം. കണ്ണൂർ, കോട്ടയം, എറണാകുളം, മാനന്തവാടി, സുൽത്താൻ ബത്തേരി, ചേർത്തല, നിലമ്പൂർ എന്നീ ഡിപ്പോകളിൽനിന്ന് കോയമ്പത്തൂർ, പളനി, ഉൗട്ടി, വേളാങ്കണ്ണി, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകൾ. ചേർത്തല, തൃശൂർ, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ബസുകളെത്തിച്ചാണ് തമിഴ്നാട് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ മൂന്നിനുള്ളിൽ വിശദമായ ഷെഡ്യൂൾ തയാറാക്കാനാണ് നിർദേശം. സർവിസ് ലാഭകരമാകുമെന്നാണ് പ്രതീക്ഷയെങ്കിലും കരാറിെൻറ പൊതുസ്വഭാവം കെ.എസ്.ആർ.ടി.സിക്ക് അനുകൂലമല്ലെന്നാണ് വ്യക്തമാക്കുന്നത്.
കരാർ ഒപ്പിട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയാലും ഇല്ലെങ്കിലും തമിഴ്നാട് ബസുകൾക്ക് കേരളത്തിലോടാനുള്ള അവകാശമുണ്ട്. കരാർ പ്രകാരം നിലവിൽ കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിൽ ഒാടിക്കൊണ്ടിരിക്കുന്ന 13 റൂട്ടുകളിലായുള്ള 2854 കിലോമീറ്റർ കേരളത്തിന് നഷ്ടപ്പെടും. എന്നാൽ, തമിഴ്നാടിന് കേരളത്തിൽ നിലവിലുള്ള 25 റൂട്ടുകളിൽ 48.4 കിലോമീറ്റർ പുതിയ കരാറോടെ അധികമായി ലഭിക്കുകയും ചെയ്യും. ഫലത്തിൽ നേരേത്തയുള്ള റൂട്ടുകളിൽ കിലോമീറ്ററിൽ കുറവ് വരുത്തിയാണ് കരാർ ഒപ്പിട്ടതെന്നാണ് വ്യക്തമാകുന്നത്.
പൊതുവ്യവസ്ഥയനുസരിച്ച് കേരളത്തിന് എത്രദൂരമാണോ തമിഴ്നാട്ടിൽ സർവിസ് നടത്താൻ അനുവദിക്കുന്നത്, അത്രയും ദൂരം തമിഴ്നാട് ബസുകൾക്ക് കേരളത്തിലും ഒാടാം. 1976ൽ ധാരണയായ തമിഴ്നാട്-കേരള കരാറും തുടർന്നുണ്ടായ ആറ് സപ്ലിമെൻററി കരാറുകളിലുമായി (1979, 1984, 1995, 1998, 2008, 2018) 41881.4 കിലോമീറ്ററിനാണ് ഇരു സംസ്ഥാനങ്ങളും ധാരണയിലായിട്ടുള്ളത്. തമിഴ്നാടിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ കേരളത്തിന് ഇൗ കരാർ ഗുണകരമാകില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ കലക്ഷൻ കുറയാൻ ഇടയാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു.
എല്ലാ വാരാന്ത്യങ്ങളിലും ഇരു ആർ.ടി.സികൾക്കും സ്പെഷൽ സർവിസുകൾ നടത്താനുള്ള അനുമതിയാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. സാധാരണ ശനി, ഞായർ ദിവസങ്ങളാണ് വാരാന്ത്യ ദിനങ്ങളായി പരിഗണിക്കുന്നത്. എന്നാൽ, പുതിയ കരാറിൽ ‘വെള്ളി മുതൽ തിങ്കൾ വരെ’ എന്ന പുതിയ നിബന്ധനയാണ് ചേർത്തിരിക്കുന്നത്.
ഫലത്തിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലും തമിഴ്നാട് ബസുകൾക്ക് കേരളത്തിൽ ഒാടാം. കെ.എസ്.ആർ.ടി.സിക്കും സമാന രീതിയിൽ ‘വെള്ളി - തിങ്കൾ’ ആനുമതിയുണ്ടെങ്കിലും നിലവിലെ ബസ് ക്ഷാമം കാരണം അധികസർവിസുകൾ ചിന്തിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.