കെ.എസ്.ആർ.ടി.സി: പണിമുടക്കിൽ പഴിചാരി സർക്കാർ തടിയൂരുന്നു
text_fieldsതിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുകളൊന്നും നടത്താതെ തൊഴിലാളികളുടെ പണിമുടക്കിൽ പഴിചാരി സർക്കാർ കെ.എസ്.ആർ.ടി.സി ശമ്പളക്കാര്യത്തിൽ തടിയൂരുന്നു. മേയ് അഞ്ചിലെ പണിമുടക്കാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും ശമ്പളം മുടങ്ങാനും കാരണമെന്ന നിലയിലാണ് എല്ലാ ദിവസവും ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.
'സർക്കാർ ഉറപ്പ് കണക്കിലെടുക്കാതെ പണിമുടക്ക് നടത്തിയ തൊഴിലാളികൾ അനുഭവിക്കട്ടെ' എന്ന സമീപനവും സൂചനയുമാണ് മന്ത്രിയുടെ വാക്കുകളിൽ. പണിമുടക്കിയാലും ഇല്ലെങ്കിലും മേയ് 10ന് ശമ്പളം നൽകാൻ കഴിയാത്ത വിധം കോർപറേഷന്‍റെ ധനസ്ഥിതി പകൽപോലെ വ്യക്തമാണെന്നിരിക്കെയാണ് ആവർത്തിച്ചുള്ള പഴിചാരലും പ്രതികരണങ്ങളും. പണിമുടക്കിയതുകൊണ്ടാണ് ശമ്പളം മുടങ്ങുന്നതെന്ന് വാദിക്കുന്നതിലൂടെ പണമുണ്ടായിട്ടും മനഃപൂർവം ശമ്പളം നൽകാത്തതാണെന്നാണ് മന്ത്രി പറയാതെ പറയുന്നതെന്നും വിമർശനമുണ്ട്.
ശമ്പളം മുടങ്ങിയെന്ന് മാത്രമല്ല തൊഴിലാളികളെ നിരന്തരം അപമാനിക്കുന്നതിൽ സി.ഐ.ടി.യു അടക്കം കടുത്ത അമർഷത്തിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സി.ഐ.ടി.യു ജനറൽ കൗൺസിലിൽ ഇക്കാര്യങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപെടുത്താനാണ് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) തീരുമാനം. തൊഴിലാളികൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളുടെ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് നീക്കം. സി.ഐ.ടി.യു നേതാക്കളായ എളമരം കരീം, ആനത്തലവട്ടം ആനന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കൗൺസിലിന് ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കും.
തൊഴിലാളിക്ക് കൂലി കൊടുക്കാൻ കഴിയില്ലെങ്കിൽ ഗതാഗതമന്ത്രി രാജിവെക്കണമെന്ന പരസ്യനിലപാടെടുത്ത് എ.ഐ.ടി.യു.സിയും ആന്‍റണി രാജുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ജീവിതത്തിലിന്നുവരെ തൊഴിലാളി സംഘടനയുെടയോ അവകാശ സമരത്തിെന്‍റയോ ഭാഗമായി പണിമുടക്കിയിട്ടില്ലാത്തതുകൊണ്ടാണ് പണിമുടക്ക് സമരങ്ങളോട് ഇത്ര പുച്ഛമനോഭാവം. കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതും തുടരുന്നതും ആരുടെയും സൗന്ദര്യം കൊണ്ടല്ലെന്നും എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയാണെന്നുമാണ് മന്ത്രിക്കുള്ള എ.ഐ.ടി.യു.സിയുടെ മറുപടി. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടടക്കം ഗതാഗത മന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെ ശമ്പളക്കാര്യം പരാമർശിച്ചുള്ള പ്രതിഷേധ കമന്‍റുകൾ നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.