ടിക്കറ്റിൽ ക്രമക്കേട്; ജീവനക്കാരനെ പിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി; പരിശോധന കർശനമാക്കി
text_fieldsതിരുവനന്തപുരം: പരിശോധന കർശനമാക്കി കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം. ടിക്കറ്റ് സംബന്ധമായ ക്രമക്കേടിൽ കൈയോടെ പിടികൂടിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചുവിട്ടു.
ജൂൺ ഒന്നു മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളിലാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് സംബന്ധമായ 131 ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെ.എസ് 153 കണിയാപുരം-കിഴക്കേക്കോട്ട് സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത രണ്ടു യാത്രക്കാരിൽനിന്നു പണം ഈടാക്കി ടിക്കറ്റ് നൽകാതെ ക്രമക്കേട് നടത്തിയ കണ്ടക്ടർ എസ്. ബിജുവിനെ പിടികൂടി. അന്നുതന്നെ ഇയാളെ പിരിച്ചുവിടുകയും ചെയ്തു.
ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ക്രമക്കേടിന് കേസെടുത്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂനിറ്റിലെ കണ്ടക്ടർ പി.ആർ. ജോൺകുട്ടി, അടൂർ യൂനിറ്റിലെ കണ്ടക്ടർ കെ. മോഹനൻ എന്നിവർക്കെതിരെ യാത്രക്കാരിൽ നിന്നു പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് നടപടിയെടുത്തു. കൂടാതെ, ഈ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ 10 ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.