കെ.എസ്.ആർ.ടി.സി: പണം കണ്ടെത്താനായില്ല; ശമ്പളകാര്യത്തിൽ അനിശ്ചിതത്വം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഈ മാസവും ശമ്പളം വൈകും. 10ന് ശമ്പളം നൽകുമെന്ന് തൊഴിലാളി യൂനിയനുകളുമായി കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പാവില്ല. ശമ്പളത്തുക കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്ന നിലപാടിലാണ് മാനേജ്മെന്റ്.
ശമ്പളം എല്ലാമാസവും വൈകുന്നതിന്റെ പേരിൽ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയതോടെയാണ് ഗതാഗത മന്ത്രി ചർച്ച നടത്തിയത്. അഞ്ചിനകം ശമ്പളം നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾ 24 മണിക്കൂർ പണിമുടക്ക് നടത്തി. മന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി സി.ഐ.ടി.യു യൂനിയൻ സമരത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഉറപ്പുപോലും മാനിക്കാതെ ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്ക് നടത്തിയതിൽ മന്ത്രി അതൃപ്തിയിലാണ്. സമരം നടത്തിയ സാഹചര്യത്തിൽ 10നകം ശമ്പളം നൽകുമെന്ന ചർച്ചയിലെ ഉറപ്പ് പാലിക്കുമെന്ന് പറയാൻ ഇപ്പോൾ മന്ത്രിയും തയാറല്ല. ഇനി എന്തുവേണമെന്ന് മാനേജ്മെൻറ് തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വായ്പ തരപ്പെടുത്താനുള്ള നീക്കവും സജീവമാണ്. ശമ്പളവിതരണത്തിന് ഒരുമാസം 80 കോടി വേണമെങ്കിലും സർക്കാർ നൽകിയ 30 കോടി മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ളത്. പ്രതിദിന കലക്ഷനിൽനിന്ന് ഇന്ധനച്ചെലവും ബാങ്ക് കൺസോർട്യം വായ്പയുടെ തിരിച്ചടവും കഴിഞ്ഞാൽ തുച്ഛമായ തുക മാത്രമേയുണ്ടാകൂ. ഇത് എത്രയെന്നത് സംബന്ധിച്ച കണക്കുകൾ അധികൃതർ പുറത്തുപറയുന്നില്ല. ഏപ്രിലിലെ ശമ്പളം നൽകാൻ കെ.എസ്.ടി സംഘത്തിൽനിന്ന് 20 കോടി വായ്പയെടുക്കാനാണ് മാനേജ്മെൻറ് നീക്കം. ഇവിടെനിന്ന് നേരത്തേയും കെ.എസ്.ആർ.ടി.സി വായ്പയെടുത്തിട്ടുണ്ട്. സർക്കാർ ഗാരന്റി നിൽക്കാമെങ്കിൽ 30 കോടി നൽകാമെന്ന് കെ.ടി.ഡി.എഫ്.സിയും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഗാരന്റി നൽകുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രണ്ട് വായ്പകളും തരപ്പെട്ടാലേ ശമ്പളക്കാര്യത്തിൽ ഉറപ്പുപറയാനാകൂവെന്ന സ്ഥിതിയാണുള്ളത്. കെ.എസ്.ആർ.ടി.സിക്ക് അധിക ധനസഹായം നൽകാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഫലത്തിൽ ശമ്പളക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയെ സർക്കാർ തഴഞ്ഞ മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.