കെ.എസ്.ആർ.ടി.സി ശമ്പളം ഇന്ന് നൽകുമെന്ന് മന്ത്രി; ഒരു പിടിയുമില്ലാതെ മാനേജ്മെന്റ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശനിയാഴ്ചയോടെ ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ എന്ന് വിതരണമാരംഭിക്കാൻ കഴിയുമെന്നറിയാതെ മാനേജ്മെന്റ്.
വെള്ളിയാഴ്ച രാവിലെയാണ് വെള്ളി, ശനി ദിവസങ്ങളിൽ ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ശമ്പളവിതരണം സംബന്ധിച്ച ഒരു നടപടിയും കെ.എസ്.ആർ.ടി.സിയിൽ ആരംഭിച്ചിട്ടില്ല. ധനവകുപ്പിൽ നൽകിയ 20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തിയെങ്കിലും ഇതിൽ 15 കോടിയും ഇന്ധന കമ്പനികളുടെ കുടിശ്ശിക തീർക്കാൻ അടച്ചു.
സർക്കാറിൽനിന്ന് പ്രതിമാസം ലഭിച്ചിരുന്ന 30 കോടി ഇക്കുറി കിട്ടിയില്ല. കൺസോർട്യം വായ്പ തിരിച്ചടവിനുള്ള സഹായമെന്ന നിലയിലാണ് എല്ലാ മാസവും 30 കോടി ധനവകുപ്പ് നൽകുന്നത്. ഈ തുക ശമ്പളവിതരണത്തിനായി ഉപയോഗിക്കുകയും കലക്ഷനിൽനിന്ന് വായ്പ തിരിച്ചടവിനുള്ള തുക മാറ്റിവെക്കുകയുമാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്. ധനവകുപ്പിന്റെ 30 കോടി എന്ന് ലഭിക്കുമെന്നും മാനേജ്മെന്റിന് ഉറപ്പില്ല. ഇത് ലഭിച്ചാലേ ജൂലൈയിലെ ശമ്പളവിതരണത്തിന് നടപടി തുടങ്ങാനാകൂ.
ഇതിനിടെ, കെ.എസ്.ആര്.ടി.സിക്കുള്ള 250 കോടി രൂപയുടെ രക്ഷാ പാക്കേജുമായി ബന്ധപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ 17ന് ചര്‍ച്ച നടത്തും. മന്ത്രി ആന്റണി രാജു സമർപ്പിച്ച രക്ഷാ പാക്കേജില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. പാക്കേജിന്റെ ഭാഗമായി പ്രതിമാസ ധനസഹായമായ 50 കോടിക്ക് പുറമെ, 250 കോടി രൂപ കൂടി സര്‍ക്കാര്‍ നല്‍കും. ഓവര്‍ഡ്രാഫ്റ്റ് ഉള്‍പ്പെടെ ബാധ്യതകള്‍ അടച്ചുതീര്‍ത്താല്‍ പ്രതിമാസ വരുമാനത്തില്‍നിന്നുതന്നെ ശമ്പളം നല്‍കാനാകും.
ഓരോ യൂനിറ്റും നിശ്ചിത വരുമാനം നേടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ അംഗീകരിച്ചാല്‍, എല്ലാ മാസവും അഞ്ചിന് മുടങ്ങാതെ ശമ്പളം നല്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
ഫണ്ടില്ല; ശമ്പളക്കാര്യത്തിൽ ഹൈകോടതി ഉത്തരവ് പാലിക്കാനായില്ലെന്ന് കെ.എസ്.ആർ.ടി.സി
കൊച്ചി: ജൂലൈയിലെ ശമ്പളം ആഗസ്റ്റ് പത്തിനകം നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ ഫണ്ടില്ലാത്തതുമൂലം കഴിഞ്ഞില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. സർക്കാർ സഹായം ലഭിക്കാതെ ശമ്പളം നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ശമ്പളം നൽകാൻ പത്ത് ദിവസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഉപഹരജി നൽകി.
താൽക്കാലിക ജീവനക്കാരുടെ വേതനം ഒരുദിവസത്തിനുള്ളിൽ നൽകുമെന്നും മറ്റ് ജീവനക്കാരുടേത് സർക്കാറിൽനിന്നുള്ള സഹായം ലഭിച്ചാലേ നൽകാനാവൂവെന്നും ചീഫ് ലേ ഓഫിസർ സമർപ്പിച്ച ഉപഹരജിയിൽ പറയുന്നു. ദിവസം ഒരുകോടിയിലധികം രൂപ ബാങ്ക് കൺസോർട്ട്യത്തിലേക്ക് അടക്കേണ്ടതുണ്ട്. ഇതിന് ശേഷമുള്ള തുകയേ ദൈനംദിന ചെലവുകൾക്ക് ലഭിക്കൂ.
ഈ മാസം ലഭിച്ച ആകെ വരുമാനമായ 48.94 കോടി രൂപയിൽ 10.6 കോടി ബാങ്ക് കൺസോർട്ട്യത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. ഡീസലിന് മാസം 95 കോടി വേണം.
ഡീസലിന് ഉയർന്ന വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുള്ളതിനാൽ എണ്ണക്കമ്പനികൾ കടമായി ഡീസൽ നൽകുന്നില്ല. അതിനാൽ, ഡീസലിന്റെ പണം ഉടൻ നൽകേണ്ടിവരും.
ഇതിനായി സർക്കാർ അനുവദിച്ച 20 കോടി ഇതുവരെ കിട്ടിയിട്ടില്ലെന്നും ഈ തുക പ്രതീക്ഷിച്ച് ഡീസലിന് 10 കോടി നൽകിയതുമൂലം ശമ്പള വിതരണം തുടങ്ങാനായില്ലെന്നും ഉപഹരജിയിൽ പറയുന്നു.
ശമ്പളം വൈകുന്നത് സംബന്ധിച്ച ജീവനക്കാരുടെ ഹരജിയിലാണ് ആഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന ഉത്തരവുണ്ടായത്.
കെ.എസ്.ആർ.ടി.സി രക്ഷാപാക്കേജ്: സിംഗിൾ ഡ്യൂട്ടി പ്രധാന വ്യവസ്ഥ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള 250 കോടിയുടെ രക്ഷാപാക്കേജിൽ സിംഗിൾ ഡ്യൂട്ടി സംവിധാനവും പ്രധാന വ്യവസ്ഥ. ഇതിലൂടെ ഗണ്യമായി ചെലവ് കുറയ്ക്കാമെന്നും കൂടുതല്‍ വരുമാനമുണ്ടാക്കാമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ ശിപാർശ.
ശമ്പള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സിയുടെ 2400 ഓര്‍ഡിനറി ബസുകളും സിംഗിള്‍ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റാനാണ് ആലോചന. 250 കോടി രൂപയുടെ സാമ്പത്തികസഹായം ആവശ്യപ്പെട്ട് സര്‍ക്കാറിന് സമർപ്പിച്ച രക്ഷാപാക്കേജിലാണ് ഡ്യൂട്ടി ക്രമീകരണത്തിലൂടെ മാസം 39 കോടി രൂപ നേടാമെന്ന് വിശദീകരിക്കുന്നത്. ജീവനക്കാര്‍ ആഴ്ചയില്‍ ആറുദിവസവും ജോലിക്കെത്തേണ്ടിവരും.
ഓര്‍ഡിനറി ബസുകളില്‍ ഡബിള്‍, ഒന്നര ഡ്യൂട്ടി സംവിധാനമാണുള്ളത്. ഒരുദിവസം ജോലിക്ക് വരുന്നവര്‍ അടുത്തദിവസം എത്തേണ്ടതില്ല. ഇതിന് പകരം എട്ടുമണിക്കൂര്‍ ഡ്യൂട്ടിയും അധികജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് ഇരട്ടി വേതനവും നല്‍കാനാണ് പദ്ധതി. തുടര്‍ദിവസങ്ങളില്‍ ജോലിചെയ്യുന്നതിനോടുള്ള എതിര്‍പ്പൊഴിവാക്കാന്‍ ഒരുദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നവരെ അടുത്തദിവസം എട്ടുമണിക്കൂര്‍ ഷെഡ്യൂളില്‍ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
ബസുകളുടെ പ്രതിദിന ഉപഭോഗം 231 കിലോമീറ്ററിൽനിന്ന് 310 കി.മി ആയി ഉയരും. ഇപ്പോള്‍ 134 കിലോമീറ്റര്‍ ശരാശരി ജോലി ചെയ്യുന്നവരെക്കൊണ്ട് 165 കിലോമീറ്റർ ഡ്യൂട്ടി ചെയ്യിപ്പിക്കാനാകും. ദിവസം 1.97 ലക്ഷം കി.മി അധികം ഓടാം. ഇതിലൂടെ 14 കോടി അധികവരുമാനം നേടാമെന്നാണ് കരുതുന്നത്. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് 1961 പ്രകാരം 12 മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യാന്‍ പാടില്ല. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുമായുള്ള കരാര്‍ പ്രകാരമാണ് ഡബിള്‍ഡ്യൂട്ടി അനുവദിച്ചിരുന്നത്.
ശമ്പളമില്ല: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
കൊട്ടാരക്കര: വരുമാനം നിലച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാർ ആശുപത്രിയിലെത്തിച്ച ഇയാൾ അപകടനില തരണം ചെയ്തു. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ ജീവനക്കാരൻ, പെരുങ്കുളം സ്വദേശിയായ 50കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ഇയാൾ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. അയൽവാസികൾ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ ചോര വാർന്ന നിലയിലായിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവിത െചലവും കുട്ടികളുടെ പഠനവും ലോൺ തവണകളും മുടങ്ങിയതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. കോഴഞ്ചേരിയിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന വ്യവസ്ഥയിലായിരുന്നു ഇത്. ഈ തുക കുറച്ചാണ് ശമ്പളം നൽകിയിരുന്നതെങ്കിലും ഒരു രൂപ പോലും കെ.എസ്.ആർ.ടി.സി ബാങ്കിലടച്ചിട്ടില്ല.
ശമ്പള ബിൽ ആവശ്യപ്പെട്ട് എ.ടി.ഒക്ക് അപേക്ഷ നൽകിയിട്ട് മാസങ്ങളായെങ്കിലും മറുപടി ലഭിച്ചില്ല. ഭവന വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം പലചരക്ക് കടം തരാൻ സ്ഥിരം കടക്കാരൻ വിസമ്മതിച്ചതും പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.