‘റോബിനെ’ പൂട്ടാൻ വോൾവോ എ.സി ബസുമായി കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: ‘റോബിന്‍’ ബസിനെ പൂട്ടാൻ വോൾവോ എ.സി ബസുമായി കെ.എസ്.ആർ.ടി.സി. ‘റോബിന്‍’ സർവിസ് നടത്തുന്ന പത്തനംതിട്ട-എരുമേലി-കോയമ്പത്തൂര്‍ റൂട്ടിലാണ് ഞായറാഴ്ച മുതൽ പുലർച്ചെ 4.30ന് സർവിസ് തുടങ്ങുക. റോബിന്‍ ബസിന്റെ സര്‍വിസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പാണിത് പുറപ്പെടുക. 11.30ന് കോയമ്പത്തൂരിലെത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ കോയമ്പത്തൂരില്‍നിന്ന് വൈകുന്നേരം 4.30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ്.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സർവിസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. 70,410 രൂപയാണ് ചാവടി ചെക് പോസ്റ്റിൽ അടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവിസ് നടത്തിയതിനാണ് നടപടി. അനധികൃതമായി സർവിസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവിസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവിസ് നടത്താനാവും.
ശനിയാഴ്ച പുലർച്ചെ അഞ്ചിന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് പുറപ്പെട്ടയുടൻ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി തടയുകയും പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിടുകയും ചെയ്തിരുന്നു. എന്നാൽ, ബസ് പിടിച്ചെടുത്തിരുന്നില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും തൃശൂർ പുതുക്കാട്ടും തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം പിഴയും ചുമത്തി. സംഭവം വിവാദമായതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ എം.വി.ഡി ഉദ്യോഗസ്ഥരെ കൂവി വിളിക്കുകയും പലയിടത്തും ബസിന് സ്വീകരണവും നൽകുകയും ചെയ്തിരുന്നു. 37,500 രൂപ ഇതുവരെ കേരളത്തിൽനിന്ന് പിഴയിട്ടതായി ബസുടമ പറഞ്ഞു. ഇതിന് പുറമെ മറ്റു ചലാനുകൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വിസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ എം.വി.ഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. 45 ദിവസങ്ങൾക്ക് ശേഷം കുറവുകൾ പരിഹരിച്ച് ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഒക്ടോബര്‍ 16ന് സര്‍വിസ് പുനരാരംഭിച്ചു. റാന്നിയില്‍ വെച്ച് ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16ന് വീണ്ടും സർവിസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ എം.വി.ഡി ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. എന്നാൽ, വാഹനം ഉടമക്ക് തിരികെ നൽകണമെന്ന് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ബസ് തിരികെ ലഭിച്ചത്.
ഹൈകോടതി സംരക്ഷണത്തിലാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതേസമയം, നാളെയും സർവിസ് നടത്തുമെന്ന് റോബിൻ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.