ശമ്പളം ആവശ്യപ്പെട്ട് ബാഡ്ജ് അണിഞ്ഞ് ജോലി ചെയ്ത കണ്ടക്ടറെ സ്ഥലം മാറ്റി
text_fieldsകോട്ടയം: ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിനുള്ള പോരാട്ടമെന്ന നിലയിലാണ് ബാഡ്ജ് അണിഞ്ഞ് ജോലിക്ക് എത്തിയതെന്ന് കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ അഖില എസ്. നായര്‍. ഭർത്താവും മകനുമടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയമായിരുന്നു കെ.എസ്.ആർ.ടി.സിയിൽനിന്നുള്ള വരുമാനം. ഏഴാം ക്ലാസുകാരനായ മകന്‍റെ പഠനച്ചെലവുകളും വീട്ടിലെ കാര്യങ്ങളും നോക്കണം. സപ്താഹ ആചാര്യനായ ഭർത്താവിന് എപ്പോഴും ജോലിയുണ്ടാവാറില്ല.
രണ്ടാഴ്ച കൂടുമ്പോൾ സഹപ്രവർത്തകരിൽ ആരെങ്കിലും മരിക്കുന്ന സ്ഥിതി കണ്ടു മനസ്സുമടുത്താണ് സമരത്തിന് ഇറങ്ങിയതെന്ന് അഖില ‘മാധ്യമ’ത്തോട് പറഞ്ഞു. വേറിട്ട സമരരീതികൾ സ്വീകരിക്കണമെന്ന തൊഴിലാളി സംഘടന നേതാക്കളുടെ ആഹ്വാനം അനുസരിച്ചാണ് ബാഡ്ജ് അണിഞ്ഞ് ജോലി ചെയ്യാൻ തീരുമാനിച്ചത്. ആർക്കും ഉപദ്രവമില്ലാത്ത ജോലിക്ക് തടസ്സം വരാത്ത സമരമാർഗമായിരുന്നു അത്. ആരെയും ബുദ്ധിമുട്ടിക്കാനോ ബസിനു കല്ലെറിയാനോ താൽപര്യമുണ്ടായിരുന്നില്ല. യാത്രക്കാരിൽ ആരോ ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ ഇട്ടതാണ് വൈറലായത്. ഇതിന്‍റെ പേരിൽ പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കൈപ്പറ്റിയിട്ടില്ല. സ്ഥലം മാറ്റിയതിനാൽ ജോലിക്ക് ചെല്ലേണ്ടെന്ന് വൈക്കം ഡിപ്പോയിൽനിന്ന് അറിയിച്ചതിനാൽ ജോലിക്ക് പോയുമില്ലെന്ന് അഖില പറഞ്ഞു. നിലവിൽ പാലാ-വൈക്കം ചെയിൻ സർവിസിലാണ് ജോലി നോക്കുന്നത്. രാവിലെ ഏഴിനു തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി ഒമ്പതിനാണ്. പാലായിലേക്കുള്ള സ്ഥലം മാറ്റം ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന ആശങ്കയിലാണ് അഖില.
ജനുവരി 11ന് വൈക്കം ഡിപ്പോയിൽനിന്ന് രാവിലെ 8.30ന് കലക്ടറേറ്റ് സർവിസ് പോയപ്പോഴാണ് അഖില ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാറിനും കോർപറേഷനുമെതിരെ പ്രതിഷേധിച്ചു, അത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും അതിലൂടെ സര്‍ക്കാറിനെയും കോര്‍പറേഷനെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വൈക്കം യൂനിറ്റിൽനിന്ന് പാലാ യൂനിറ്റിലേക്ക് സ്ഥലം മാറ്റിയതെന്ന് കെ.എസ്.ആർ.ടി.സി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കെ.എസ്.ആര്‍.ടി.സിയിലെ ബി.എം.എസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.