കെ.എസ്.ആര്‍.ടി.സി കടബാധ്യത 4430.73 കോടി; പ്രതിദിന വരുമാനത്തില്‍ കുറവ്
text_fieldsപാലക്കാട്: ബസുകളുടെ എണ്ണവും ജീവനക്കാരും കൂടിയിട്ടും കെ.എസ്.ആര്‍.ടി.സിയുടെ ഒറ്റ ദിവസത്തെ വരുമാനത്തില്‍ 68 ലക്ഷം രൂപയുടെ കുറവ്. 2015ല്‍ 5.67 കോടി രൂപയായിരുന്ന പ്രതിദിന വരുമാനം 2016ല്‍ 4.99 കോടി രൂപയായി ഇടിഞ്ഞു. 2015ല്‍ 6,389 ഷെഡ്യൂളും 6,241 ബസുകളുമാണുണ്ടായിരുന്നത്. 2016ല്‍ ഷെഡ്യൂളുകള്‍ 6,399ഉം ബസുകളുടെ എണ്ണം 6,304ഉം ആയി വര്‍ധിച്ചു.
ജീവനക്കാരുടെ എണ്ണം 34,876ല്‍നിന്ന് 35,002 ആയും കൂടി. എന്നിട്ടും വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. പ്രതിദിനം 16.83 ലക്ഷം കി.മീ ദൂരം സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഈ വരുമാനത്തിലും വന്‍ ഇടിവുണ്ട്. 2015ല്‍ ഒരു കി.മീയില്‍നിന്നുള്ള വരുമാനം 34.89 രൂപയായിരുന്നത് 2016ല്‍ 29.67 രൂപയായി കുറഞ്ഞു. ഒരു ബസില്‍നിന്നുള്ള വരുമാനത്തിലും വന്‍ ഇടിവുണ്ടായി. 2015ല്‍ 11,518 രൂപയാണ് ഒരു ബസില്‍നിന്നുള്ള പ്രതിദിന വരുമാനമെങ്കില്‍ 2016ല്‍ ഇത് 9,918 രൂപയായി കുറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ കുറവ് വരുത്തിയത് കെ.എസ്.ആര്‍.ടി.സിക്ക് വന്‍ തിരിച്ചടിയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ഫെബ്രുവരി പത്തിനാണ് മിനിമം ചാര്‍ജ് കുറച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം സര്‍വിസുകളില്‍ 59.08 ശതമാനം ഓര്‍ഡിനറിയാണ്. പ്രതിമാസ നഷ്ടം 134.04 കോടിയായി ഉയരാന്‍ പ്രധാന കാരണം ഓര്‍ഡിനറി ചാര്‍ജ് കുറച്ചതാണ്.
ഇക്കാലയളവില്‍ ഡീസല്‍ വിലയില്‍ 12 രൂപയുടെ വര്‍ധന ഉണ്ടായത് നഷ്ടം വര്‍ധിക്കാന്‍ കാരണമായതായി ജീവനക്കാര്‍ പറയുന്നു. 35,002 സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ 9,600 താല്‍ക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയിലുണ്ട്. ശമ്പളത്തിന് മാത്രം പ്രതിമാസം 74 കോടി രൂപയും പെന്‍ഷന് 55 കോടി രൂപയും കെ.എസ്.ആര്‍.ടി.സി കണ്ടത്തെണം. സെപ്റ്റംബറില്‍ ശമ്പളം മുടങ്ങിയ കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. കെ.ടി.ഡി.എഫ്.സി, എല്‍.ഐ.സി ഉള്‍പ്പെടെ 17 ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കോര്‍പറേഷന്‍ വായ്പയെടുത്തിട്ടുണ്ട്. ബാങ്ക് വായ്പാ ബാധ്യത 2726.07 കോടി രൂപയാണ്.
സര്‍ക്കാറില്‍നിന്നുമാത്രം 1704.66 കോടി രൂപ കെ.എസ്.ആര്‍.ടി.സി കടമെടുത്തിട്ടുണ്ട്. ഇതടക്കം കോര്‍പറേഷന്‍െറ കടബാധ്യത 4430.73 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഡീസല്‍ വാങ്ങിയ വകയില്‍ 40 കോടി രൂപ കുടിശ്ശികയുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട ജീവനക്കാരില്‍നിന്ന് പിടിച്ച തുകയും കോര്‍പറേഷന്‍ വിഹിതവും അടച്ചിട്ടില്ല. ഈയിനത്തില്‍ 2013 മുതലുള്ള തുക കുടിശ്ശികയാണ്. ബാങ്ക് വായ്പാ തിരിച്ചടവിന് മാത്രം പ്രതിമാസം കോടികള്‍ വേണം. സാമ്പത്തിക പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനാല്‍ ഒക്ടോബറിലും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിതിവിശേഷമാണ്. കെ.എസ്.ആര്‍.ടി.സി പരിഷ്കരണത്തിന് നിയമിച്ച സുഷീല്‍കുമാര്‍ ഖന്ന കമീഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളിലാണ് ജീവനക്കാര്‍ പ്രതീക്ഷ വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.