കെ.എസ്.ആർ.ടി.സി: അഞ്ച് കോടിക്ക് വാങ്ങിയ 5000 ടിക്കറ്റ് മെഷീനുകൾ നോക്കുകുത്തി
text_fieldsതിരുവനന്തപുരം: അഞ്ച് കോടി രൂപ ചെലവിട്ട് മൂന്നുവർഷം മുമ്പ് വാങ്ങിയ ടിക്കറ്റ് മെഷീനുകൾ ഒഴിവാക്കി ഡിജിറ്റൽ ടിക്കറ്റിങ്ങിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ കെ.എസ്.ആർ.ടി.സി. ഓരോ ടിക്കറ്റിനും 13.7 പൈസയാണ് കമ്പനിക്ക് നൽകേണ്ടി വരിക. 19 ലക്ഷം യാത്രക്കാരാണ് ഒരുദിവസം കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. ഈ കണക്കിൽ പ്രതിദിനം മൂന്ന് ലക്ഷം രൂപ കമ്പനിക്ക് നൽകേണ്ടിവരും. ഒരുവർഷത്തെ കണക്കെടുത്താൽ 10.95 കോടിയും. ആപ്പിനും മെഷീനും മുൻകൂർ പണം നൽകേണ്ടതില്ലെന്ന കരാറിലാണ് ടിക്കറ്റിലെ കമീഷൻ കമ്പനിക്ക് കൊടുക്കുന്നത്. ഒരു ഡിപ്പോയിൽ നാല് വീതം കമ്പ്യൂട്ടറുകളും പ്രിന്ററുകളും ബസുകൾക്കനുസൃതമായ ടിക്കറ്റ് മെഷീനുകളും കമ്പനി നൽകുമെന്നാണ് വിവരം.
നിലവിലെ ടിക്കറ്റ് മെഷീനുകൾ ഡിജിറ്റൽ ഇടപാടുകൾക്ക് അനുയോജ്യമല്ലെന്ന വാദമാണ് പുതിയ കരാറിന് കാരണമായി അധികൃതർ നിരത്തുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യവുമായി ബന്ധിപ്പിക്കാനാകാത്തതിനാൽ ലൈവ് ടിക്കറ്റിങ്ങും സാധിക്കുന്നില്ലത്രെ. ഒടുവിൽ 2021 ജൂണിലാണ് കെ.എസ്.ആർ.ടി.സി 5500 ടിക്കറ്റ് മെഷീനുകൾ വാങ്ങിയത്. ഒരു മെഷീന് 9233 രൂപ എന്ന നിലയിൽ 5.07 കോടി രൂപയാണ് ഇതിന് ചെലവിട്ടത്. ഇതിൽ 5100 എണ്ണം നിലവിൽ പ്രവർത്തന ക്ഷമവുമാണ്. 400 മെഷീനുകൾക്ക് താൽക്കാലിക തകരാറ് മാത്രമാണുള്ളത്. ഇവ പരിഹരിച്ച് കൈമാറാമെന്ന് കമ്പനി അറിയിക്കുകയും ഇതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യു.പി.ഐ അടക്കം ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായ 2021ലാണ് ഇത്രയധികം മെഷീനുകൾ വാങ്ങിയത്. ഭാവി സാധ്യതകകളും ആവശ്യകതകളും തിരിച്ചറിഞ്ഞ് ദീർഘ വീക്ഷണത്തോടെ സാങ്കേതികപ്പൊരുത്തമുള്ള മെഷീനുകൾ അന്ന് തന്നെ തെരഞ്ഞെടുക്കാമെന്നിരിക്കെ അതിന് അധികൃതർ തയാറായില്ല. ഇപ്പോഴാകട്ടെ അധിക ബാധ്യത വരുത്തിവെക്കുന്ന കരാറിന് തിരക്കിട്ട നീക്കവും. നിലവിലെ മെഷീനുകളുടെ വാറണ്ടി കാലാവധി അവസാനിച്ചെങ്കിലും ഇനി രണ്ട് വർഷം കൂടി വാർഷിക മെയിന്റനൻസ് കരാർ കാലാവധിയുണ്ട്.
നിലവിലെ മെഷീനുകളിൽ പാസുകൾക്ക് ടിക്കറ്റ് നൽകാറില്ല. നമ്പറുകൾ മെഷീനിൽ എന്റർ ചെയ്യുകയാണ് പതിവ്. എന്നാൽ ഓരോ ടിക്കറ്റിനും നിശ്ചിതതുക വീതം നൽകേണ്ട പുതിയ സംവിധാനത്തിൽ പാസുകൾക്കും നിരക്കിെൻറ സ്ഥാനത്ത് ‘00.00’ എന്ന പ്രിൻറ് ചെയ്ത് ടിക്കറ്റ് നൽകും. ഇതിനകം തലസ്ഥാന നഗരത്തിലെ നാല് ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മെഷീൻ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.