വരുമാനത്തിൽ രണ്ടാമത് പണം വാരി കെ.എസ്.ആർ.ടി.സിയുടെ ഗവി സർവിസ്
text_fieldsപത്തനംതിട്ട: ഗവിയിലേക്ക് സഞ്ചാരികൾ ഒഴുകുമ്പോൾ വലിയ വരുമാനം നേടി കെ.എസ്.ആർ.ടി.സി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 2.30 കോടി രൂപയാണ് ഗവിയിലേക്കുള്ള ടൂറിസം സർവിസ് വഴി കെ.എസ്.ആർ.ടി.സി നേടിയത്. 829 ട്രിപ്പുകളാണ് ഒന്നര വർഷത്തിനിടെ ഗവിയിലേക്ക് നടത്തിയത്. ടൂറിസം സർവിസ് വഴിയുള്ള വരുമാനത്തിൽ സംസ്ഥാനത്ത് കണ്ണൂരാണ് മുന്നിൽ.
രണ്ടാം സ്ഥാനമാണ് പത്തനംതിട്ടക്ക്. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർവിസ് പല കേന്ദ്രങ്ങളിലേക്കും ഉണ്ടെങ്കിലും ജില്ലയിലെ ഗവിയാണ് ഏറ്റവും ജനപ്രിയ കേന്ദ്രം. മാമലക്കണ്ടം-മാങ്കുളം-ആനക്കുളം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, മൂന്നാർ, വയനാട്, രാമക്കൽമേട്, വണ്ടർലാ, നെല്ലിയാമ്പതി എന്നിവ കൂടാതെ ആഡംബര കപ്പൽ യാത്രക്കും കെ.എസ്.ആർ.ടി.സി സൗകര്യമൊരുക്കുന്നുണ്ട്. കേരളത്തിലെയും പുറത്തെയും വിവിധ തീർഥാടന കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള നാലമ്പലയാത്ര, പഞ്ചപാണ്ഡവ യാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മൂഴിയാർ, കക്കി, ആനത്തോട്, പമ്പ ഗവി അണക്കെട്ടും കാനന ഭംഗിയും ആസ്വദിച്ച് സഞ്ചാരികൾക്ക് ഗവിയിലെത്താം. തുടർന്ന് കൊച്ചുപറമ്പിൽ ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ടാണ് പത്തനംതിട്ടയിലേക്ക് തിരിച്ചെത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ഈ സർവിസ് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃത്യമായ സർവിസും, ജീവനക്കാരുടെ മാന്യമായ പെരുമാറ്റവും സഞ്ചാരികളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് ടൂറിസം സർവിസ് നടത്തുന്ന കാര്യവും കെ.എസ്.ആർ.ടി.സി അധികൃതർ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.