കെ.എസ്.ടി.എ സമരം; കുട്ടികളുടെ ക്ലാസ് ഒഴിവാക്കി ഇന്ന് ക്ലസ്റ്റർ നടത്താൻ വിദ്യാഭ്യാസ വകുപ്പ്
text_fieldsകൊച്ചി: ഭരണാനുകൂല സംഘടന സമരം പ്രഖ്യാപിച്ചതോടെ അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം നേരത്തേയാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള ശനിയാഴ്ചത്തെ അധ്യയനം ഒഴിവാക്കിയാണ് ക്ലസ്റ്റർ പരിശീലനം നടത്തുകയും ജൂലൈ 27ന് കെ.എസ്.ടി.എയുടെ സമരത്തിന് സൗകര്യമൊരുക്കുകയും ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ജൂലൈ 20ന് ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ അധ്യയനവും 27ന് അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനവുമാണ്. ഇതിനിടെ, വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരണം അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിന് മുന്നിലും മറ്റ് ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിലും ധർണ നടത്താൻ ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ തീരുമാനിച്ചു.
സമരം മാറ്റാൻ സംഘടന തയാറല്ല. അന്നേദിവസം ക്ലസ്റ്റർ പരിശീലനം വെച്ചാൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് പരിശീലനം ഇന്നത്തേക്ക് മാറ്റുകയും ഇതിനായി കുട്ടികൾക്ക് അവധി നൽകുകയും ചെയ്തത്. 220 പ്രവൃത്തിദിനം ഉറപ്പാക്കാൻ നിശ്ചയിച്ച 25 ശനിയാഴ്ചകളിൽ ഒന്നിലെ അധ്യയനം ഇതിലൂടെ നഷ്ടപ്പെടുകയാണ്.
മുൻകൂട്ടി നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ ക്ലസ്റ്റർ നടത്തേണ്ടിവന്നതിനാൽ വേണ്ടത്ര മുന്നൊരുക്കം നടത്താനായിട്ടില്ല. പരിശീലകരായി എത്തേണ്ട അധ്യാപകർക്കുള്ള ക്ലാസ് വ്യാഴാഴ്ച തട്ടിക്കൂട്ടി സംഘടിപ്പിക്കുകയായിരുന്നു. പരിശീലനം ശനിയാഴ്ചത്തേക്ക് മാറ്റിയും അന്നത്തെ അധ്യയനം ഒഴിവാക്കിയും വ്യാഴാഴ്ച വൈകിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
മതിയായ കാരണമില്ലാതെ പരിശീലനത്തിൽ പങ്കെടുക്കാതിരിക്കുന്ന അധ്യാപകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 20ന് പകരം 27ന് ക്ലാസ് ഉണ്ടായിരിക്കുമോ എന്നും അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.