‘പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളും ചോർന്നു’; ആരോപണവുമായി കെ.എസ്.യു
text_fieldsതിരുവനന്തപുരം: ക്രിസ്മസ് പരീക്ഷകൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത്. വ്യാഴാഴ്ച നടന്ന പത്താംക്ലാസ് കെമിസ്ട്രി പരീക്ഷക്ക് വന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും യൂട്യൂബ് ചാനലായ എം.എസ് സൊല്യൂഷൻസ് പ്രവചിച്ച ഭാഗത്തുനിന്നാണെന്ന് കെ.എസ്.യു പറയുന്നു. 32 മാർക്കിനുള്ള ചോദ്യങ്ങൾ ഇത്തരത്തിൽ വന്നെന്നാണ് ആരോപണം.
ചോദ്യപേപ്പർ ചോർത്തിയെന്ന ആരോപണം നേരത്തെയും കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ് സൊല്യൂഷൻസിനു നേരെ ഉയർന്നിരുന്നു. രണ്ട് ദിവസം പ്രവർത്തന രഹിതമായ ചാനൽ ബുധനാഴ്ച വൈകിട്ട് വീണ്ടും സജീവമാകുകയായിരുന്നു. ഇതിനു പിന്നാലെ കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളും വിശകലനവുമായി സി.ഇ.ഒ ഷുഹൈബ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോ ആണിത്.
നേരത്തെ ചോദ്യങ്ങൾ അതേപടി വന്നതോടെയാണ് വിവാദമായത്. എന്നാൽ ഇത്തവണ ഷുഹൈബ് വിശകലനം ചെയ്ത ഭാഗത്തുനിന്ന് മാത്രം 32 മാർക്കിനുള്ള ചോദ്യം വന്നെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. പേപ്പർ ചോർത്തിയെന്ന് മനസിലാക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്തരത്തിൽ വിഡിയോ ചെയ്തതിനു പിന്നിലെന്നും കെ.എസ്.യു അവകാശപ്പെടുന്നു. അന്വേഷണം നടക്കുന്നതിനിടെ എം.എസ് സൊല്യൂഷൻസ് വീണ്ടും വിഡിയോ അപ്ലോഡ് ചെയ്തത് ശരിയല്ലെന്നും കെ.എസ്.യു പറയുന്നു.
അതേസമയം, കുറച്ചുദിവസം ചാനല്‍ നിര്‍ത്തിവച്ചത് മൗനം പാലിക്കേണ്ടത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഷുഹൈബ് പ്രതികരിച്ചിരുന്നു. വാര്‍ത്തകളില്‍ കാണുന്നതല്ല സത്യം. ആരോപണങ്ങള്‍ എല്ലാം സത്യമല്ല. എം.എസ് സൊല്യൂഷനെ തകര്‍ക്കാന്‍ വന്‍കിട പ്ലാറ്റ്‌ഫോമുകളുടെ നീക്കം നടത്തുന്നുണ്ട്. എല്ലാം ഇപ്പോള്‍ പറയാന്‍ പരിമിതികള്‍ ഉണ്ട്. നിയമനടപടികള്‍ക്ക് വിധേയമാകും. അതിനുശേഷം എം.എസ് സൊല്യൂഷന്‍സ് എല്ലാം പറയുമെന്നും ഷുഹൈബ് പറഞ്ഞു.
റിട്ടയേഡ് അധ്യാപകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എന്ന് പറയുന്നു. വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ടാല്‍ നിയമനടപടികള്‍ക്ക് വിധേയമാക്കും. എം.എസ് സൊല്യൂഷന്‍സിന് റിട്ടയേര്‍ഡ് അധ്യാപകന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നൽകി എന്നതിന് എന്താണ് അടിസ്ഥാനം? എം എസ് സൊല്യൂഷന്‍സിനെതിരെ മാത്രം കേസ് എടുത്തത് എന്തുകൊണ്ടെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പൊലീസെല്ലാം കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും എല്ലാം പുറത്തുവരാൻ കാത്തിരിക്കുകയാണെന്നും ഷുഹൈബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.