സ്കൂൾ കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കൽ: ഹൈകോടതിയിൽ ഹരജിയുമായി കെ.എസ്.യു
text_fieldsകണ്ണൂർ: മുഖ്യമന്ത്രി കടന്നുപോകുമ്പോൾ റോഡരികിൽ സ്കൂൾ വിദ്യാർഥികളെ നിരത്തി നിർത്തി മുദ്രാവാക്യം വിളിപ്പിക്കുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.യു ഹൈകോടതിയിൽ ഹരജി നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് അഡ്വ. ബൈജു നോയൽ മുഖേന ഹരജി ഫയൽ ചെയ്തത്.
മലപ്പുറത്ത് വിദ്യാർഥികളുടെ സ്വഭാവഗുണവും അച്ചടക്കവും നോക്കി തിരഞ്ഞെടുത്ത് പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന നിർദേശം വിചിത്രമാണെന്ന് മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്രയും ക്രൂരത കുട്ടികൾക്കുനേരെ നടക്കുമ്പോഴും പ്രതികരിക്കേണ്ട ബാലാവകാശ കമീഷൻ ചെയർപേഴ്സൻ മുഖ്യമന്ത്രി എന്ന് കേട്ടാൽ മുട്ടിടിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
ചമ്പാട് എൽ.പി സ്കൂളിൽ വിദ്യാർഥികളെ റോഡിൽ ഇറക്കിനിർത്തിയത് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ നിർദേശപ്രകാരമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് എന്ന പേരിൽ കൂടെയുള്ളത് പൊലീസ് ഗുണ്ടാസംഘമാണെന്നു പറഞ്ഞ ഷമ്മാസ് കഴിഞ്ഞദിവസം പഴയങ്ങാടിയിൽ നടന്ന അക്രമത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വയർലസ് സെറ്റ് ഉപയോഗിച്ച് മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരുടെ പേരുവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടു. ജില്ല പ്രസിഡന്റ് എം.സി. അതുൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആകാശ് ഭാസ്കരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.