കണ്ണൂർ വിസിയുടെ പുനർനിയമനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയിൽ പുനർനിയമനം നൽകിയതിനെതിരെ കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു കോടതിയിലേക്ക്. 60 വയസ് കഴിഞ്ഞവരെ വി.സിയായി നിയമിക്കരുതെന്ന സർവകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നാണ് കെ.എസ്.യു ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപരമായി നിലനിൽക്കില്ല. സി.പി.എമ്മിന്റെ ഇഷ്ടക്കാരെ നിയമിക്കാനാണ് വിസിയെ പുനർനിയമിക്കുന്നതിന് പിന്നില്ലെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കാലാവധി അവസാനിക്കുന്ന ദിവസം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയിൽ പുനർനിയമനം നൽകിയാണ് ചാൻസലറായ ഗവർണർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാറിെൻറ ശിപാർശ പ്രകാരമാണ് പുനർനിയമനം. ഇതോടെ പുതിയ വി.സി നിയമനത്തിനായി പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കുകയും സെർച്ച് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാൻസലർക്ക് രണ്ട് തവണയായി എട്ട് വർഷത്തേക്ക് നിയമനം നൽകുന്നത്. 2025 നവംബർവരെ ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയിൽ തുടരാനാകും. കാലിക്കറ്റ് സർവകലാശാല ആക്ട് നിലവിൽ വരുംമുമ്പ് ഒാർഡിനൻസ് പ്രകാരം പ്രഫ. എം.എം. ഗനിയെ മൂന്ന് വർഷത്തേക്ക് ആദ്യ വൈസ് ചാൻസലറായി നിയമിക്കുകയും പിന്നീട് മൂന്നുവർഷം കൂടി കാലാവധി ദീർഘിപ്പിച്ചതുമാണ് ഇതിന് മുമ്പുള്ള ഏക കീഴ്വഴക്കം.
കണ്ണൂർ സർവകലാശാലയിൽ പുതിയ വി.സിയെ നിയമിക്കുന്നതിന് സെർച്ച് കമ്മിറ്റി രൂപവത്കരിക്കുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. വി.സി പദവിയിലേക്ക് പരിഗണിക്കാനുള്ള അപേക്ഷ ഇൗ മാസം 30വരെ സമർപ്പിക്കാൻ അവസരം നൽകിയിരിക്കെയാണ് സർക്കാർ സെർച് കമ്മിറ്റി പിരിച്ചുവിടുന്നതും നിലവിലുള്ള വി.സിക്ക് പുനർനിയമനം നൽകുന്നതും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് മതിയായ യോഗ്യതയില്ലാതെ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് വൈസ് ചാൻസലർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ഇത് വിവാദത്തിലായിരിക്കെയാണ് വി.സിക്ക് സർക്കാർ ശിപാർശയിൽ പുനർനിയമനം നൽകുന്നത്.
രാഗേഷിെൻറ ഭാര്യക്ക് വഴിവിട്ട് നിയമനം നൽകുന്നതിെൻറ പാരിതോഷികമാണ് വി.സിക്ക് പുനർനിയമനം നൽകിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കണ്ണൂർ സർവകലാശാല ആക്ട് പ്രകാരം വൈസ് ചാൻസലർക്ക് ഒരു തവണ പുനർനിയമനത്തിന് വ്യവസ്ഥയുണ്ട്. എന്നാൽ, ഗോപിനാഥ് രവീന്ദ്രന് പ്രായപരിധി കവിഞ്ഞെന്ന വിവാദം ഉയർന്നിട്ടുണ്ട്.
സർവകലാശാല ആക്ട് പ്രകാരം വി.സിയായി നിയമിക്കുന്നയാൾക്ക് 60 വയസ്സ് കവിയാൻ പാടില്ല. 2020 ഡിസംബർ 19ന് ഗോപിനാഥ് രവീന്ദ്രന് 60 വയസ്സ് പൂർത്തിയായിട്ടുണ്ട്. എന്നാൽ, ആക്ടിൽ വൈസ് ചാൻസലറുടെ പുനർനിയമനത്തിന് പ്രായപരിധി നിഷ്കർഷിക്കുന്നില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.