കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നത് കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസം -മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ കോളജിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്നും അവർ പറഞ്ഞു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും അതത് കോളജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിങ് ഓഫിസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്നപക്ഷം അവ സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമീപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. സർവകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലക്ക് ഇടപെടേണ്ടതില്ല; ഇടപെട്ടിട്ടുമില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ല - മന്ത്രി വ്യക്തമാക്കി.
വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടന നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളജ് കവാടത്തിന് മുന്നിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്ന് പറയണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.