പി.എം ആർഷോയുടെ പരാതിയിൽ കെ.എസ്.യു നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
text_fieldsകൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ ഗൂഢാലോചന പരാതിയിൽ ചോദ്യം ചെയ്യലിന് കെ.എസ്.യു നേതാക്കൾ ഇന്ന് ഹാജരാകില്ല. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, മഹാരാജാസ് കോളജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് അന്വേഷണ സംഘത്തിന് മുമ്പ് ഇന്ന് ഹാജരാകാത്തത്.
പരീക്ഷ എഴുതാതെ വിജയിച്ചെന്ന വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ചാണ് പി.എം. ആർഷോ പരാതി നൽകിയത്. മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറും പ്രിൻസിപ്പൽ വി.എസ്. ജോയിയുമാണ് ഒന്നും രണ്ടും പ്രതികൾ. അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും ഫാസിൽ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.
അതേസമയം, ആർഷോയുടെ പരാതിയിൽ അതിവേഗ അന്വേഷണം പല തലത്തിൽ മുന്നേറിയിട്ടും ഗൂഢാലോചന തെളിയിക്കാൻ തക്ക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സാങ്കേതികപ്പിഴവെന്ന നിഗമനത്തിനാണ് മുൻതൂക്കം. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വൈകാനാണ് സാധ്യത.
മറ്റ് പലരുടെയും ഫലത്തിൽ പിഴവുണ്ടെന്ന പ്രിൻസിപ്പലിന്‍റെ മൊഴി ശരിവെക്കുന്ന വിവരങ്ങളാണ് കോളജിലും നാഷനൽ ഇൻഫോമാറ്റിക്സിലും (എൻ.ഐ.സി) നടത്തിയ അന്വേഷണത്തിൽ കിട്ടിയത്. എൻ.ഐ.സിയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതോടെ സോഫ്റ്റ്വെയർ തകരാർ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി.
ആർഷോ വിജയിച്ചതായി രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനഃപൂർവമായ നീക്കമുണ്ടായിട്ടുണ്ടോയെന്ന പരിശോധനയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. ഇതും തെളിയിക്കാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. അധ്യാപകർക്കോ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കോഡ് ഉപയോഗിച്ചോ മാത്രം കയറാവുന്ന പരീക്ഷഫലം സംബന്ധിച്ച വെബ്സൈറ്റിൽ നിന്ന് ആർഷോയുടെ ഫലം എങ്ങനെ പുറത്തായെന്നാണ് അന്വേഷണം.
പരീക്ഷഫലം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് മഹാരാജാസ് കോളജിലെ ഇടത് അധ്യാപക സംഘടന നേതാക്കളിൽ ചിലർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് വിവരം നൽകിയിരുന്നു. ഔദ്യോഗിക വെബ് സൈറ്റിലെ വിവരം സംഭവം പുറത്താകും മുമ്പുതന്നെ അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിരിക്കെ, കക്ഷി ചേരാൻ മഹാരാജാസ് കോളജിലെ ഇടത് അധ്യാപക സംഘടനക്കുമേൽ സമ്മർദമുണ്ടെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.