കെ.എസ്.യു മാർച്ചിനിടെ റോഡുപരോധം; പൊലീസുമായി കൈയാങ്കളി, ജില്ല നേതാക്കളടക്കം 10 പേർ അറസ്റ്റിൽ
text_fieldsമലപ്പുറം: കേരളവർമ കോളജിൽ ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും വനിത നേതാക്കളെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. മലപ്പുറം കുന്നുമ്മൽ ജങ്ഷനിൽ ദേശീയപാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് പൊലീസുമായുള്ള ഉന്തിലും തള്ളിലും അറസ്റ്റിലും കലാശിച്ചത്.
പ്രവർത്തകരും പൊലീസും തമ്മിൽ പത്തു മിനിറ്റിലേറെ റോഡിൽ ഉന്തും തള്ളും നടന്നു. ചില പ്രവർത്തകർ റോഡിൽ വീണു. പൊലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ആളുകൾ റോഡിൽ തടിച്ചുകൂടി. ഈ സമയം മുഴുവൻ ഗതാഗതം മുടങ്ങി. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് അടക്കമുള്ള നേതാക്കൾ ഇടപെട്ടെങ്കിലും പ്രവർത്തകർ ശാന്തമാരായില്ല. ഇതിനിടെ ജില്ല നേതാക്കളടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതോടെ, നേതാക്കളെ വിടണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി നീങ്ങി. സ്റ്റേഷനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നേതാക്കളെ ജാമ്യത്തിലിറക്കിയതോടെ, കെ.എസ്.യു പ്രവർത്തകർ സമരം അവസാനിപ്പിച്ചു.
റോഡുപരോധിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പത്തുപേർക്കെതിരെയും സ്റ്റേഷൻ ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.